കൊലപാതകം, ലൈംഗിക അതിക്രമം, ഭരണകൂടത്തിനെതിരായ കുറ്റങ്ങൾ എന്നിവ ചെയ്തവർക്ക് ഈ ഇളവ് ലഭിക്കില്ല.
ഹവാന: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്നതിനിടെ 2010 തടവുകാരെ മോചിപ്പിക്കാൻ ക്യൂബയുടെ തീരുമാനം. അമേരിക്കൻ ഭരണകൂടത്തിന്റെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങിയാണ് ക്യൂബൻ സർക്കാരിന്റെ തീരുമാനം. അടുത്ത കാലത്തായി ക്യൂബ നടത്തുന്ന ഏറ്റവും വലിയ തടവുപുള്ളി മോചനമാണിത്. ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങളിൽപ്പെട്ട് രാജ്യം വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഈ നിർണ്ണായക നീക്കം. തടവുകാരുടെ നല്ല പെരുമാറ്റം, ആരോഗ്യസ്ഥിതി, അവർ ചെയ്ത കുറ്റത്തിന്റെ സ്വഭാവം എന്നിവ പരിഗണിച്ചാണ് ഈ പൊതുമാപ്പ് നൽകുന്നതെന്ന് ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക പത്രമായ ഗ്രാൻമ വിശദമാക്കുന്നത്. മോചിപ്പിക്കപ്പെടുന്നവരിൽ യുവാക്കൾ, സ്ത്രീകൾ, 60 വയസ്സിന് മുകളിലുള്ളവർ, വിദേശികൾ എന്നിവർ ഉൾപ്പെടുന്നു. എന്നാൽ കൊലപാതകം, ലൈംഗിക അതിക്രമം, ഭരണകൂടത്തിനെതിരായ കുറ്റങ്ങൾ എന്നിവ ചെയ്തവർക്ക് ഈ ഇളവ് ലഭിക്കില്ല.
ഈ നടപടിയെ ക്യൂബൻ സർക്കാർ വിശുദ്ധ വാരത്തോടനുബന്ധിച്ചുള്ള ഒരു മാനുഷിക തീരുമാനമായിട്ടാണ് അവതരിപ്പിക്കുന്നത്. എങ്കിലും ഇതിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന് നിരീക്ഷകർ വിലയിരുത്തുന്നത്. ഡൊണാൾഡ് ട്രംപ് അധികാരമേറ്റെടുത്ത ശേഷം ക്യൂബയ്ക്കെതിരെ കടുത്ത നിലപാടുകളാണ് സ്വീകരിക്കുന്നത്. മുൻപ് ബൈഡൻ ഭരണകൂടം ക്യൂബയുമായി ഉണ്ടാക്കിയ പല കരാറുകളും ട്രംപ് റദ്ദാക്കിയിരുന്നു. കടുത്ത ഊർജ്ജ പ്രതിസന്ധിയാണ് നിലവിൽ ക്യൂബ നേരിടുന്നത്. വെനസ്വേലയിൽ നിന്നുള്ള എണ്ണവരവ് അമേരിക്ക തടഞ്ഞതോടെ രാജ്യം മുഴുവൻ ഇരുട്ടിലാകുന്ന രീതിയിലുള്ള ബ്ലാക്കൗട്ടുകൾ പതിവായിരിക്കുകയാണ്. സ്കൂളുകൾ അടച്ചിടേണ്ടി വരികയും ഇന്ധനക്ഷാമം കാരണം വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തതോടെ ജനജീവിതം സ്തംഭിച്ച നിലയാണ്. ഇതിനിടയിലാണ് ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിക്കണമെന്നും രാജ്യം സാമ്പത്തികമായി തുറന്നുകൊടുക്കണമെന്നും ട്രംപ് നിരന്തരം ആവശ്യപ്പെടുന്നത്.
ക്യൂബയിലെ ജനങ്ങളുടെ അതിജീവനം കണക്കിലെടുത്ത് ഒരു റഷ്യൻ എണ്ണക്കപ്പൽ ക്യൂബൻ തീരത്ത് അടുക്കാൻ ട്രംപ് കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. 1959ലെ വിപ്ലവത്തിന് ശേഷം അമേരിക്ക ഏർപ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധങ്ങൾ മൂലം ദശകങ്ങളായി ക്യൂബ വലിയ പ്രതിസന്ധികൾ നേരിടുന്നുണ്ടെങ്കിലും, നിലവിലെ ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങൾ രാജ്യത്തെ കൂടുതൽ വരിഞ്ഞുമുറുക്കിയിരിക്കുകയാണ്. തടവുകാരെ മോചിപ്പിക്കുന്നത് വഴി അമേരിക്കയുടെ കടുത്ത നിലപാടുകളിൽ നേരിയ അയവുണ്ടാക്കാൻ കഴിയുമെന്നാണ് ക്യൂബൻ ഭരണകൂടം പ്രതീക്ഷിക്കുന്നത്.


