കാസ്‌ട്രോ ഭരണകൂടം ഇല്ലാതാവുമെന്ന് ട്രംപ് ആവര്‍ത്തിച്ചു പറയുന്നുണ്ട്. 'അവര്‍ക്ക് നമ്മുടെ അടുത്തേക്ക് വരേണ്ടി വരുമെന്നാണ് ഞാന്‍ കരുതുന്നത്, അതൊരു പരാജയപ്പെട്ട രാജ്യമാണ്.' എന്നാണ് ' വെള്ളിയാഴ്ച ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞത്.

ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം രൂക്ഷമായതിനിടെ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ക്യൂബ. ക്യൂബയെ അമേരിക്ക ആക്രമിച്ചാല്‍, രക്തപ്പുഴ ഒഴുകുമെന്ന് പ്രസിഡന്റ് മിഗുവല്‍ ഡയസ് കാനല്‍ മുന്നറിയിപ്പ് നല്‍കി.

ക്യൂബ ഒരു രാജ്യത്തിനും ഭീഷണി ഉയര്‍ത്തുന്നില്ലെന്ന് പ്രസിഡന്റ് മിഗുവല്‍ എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി. ഒരു രാജ്യത്തിന് എതിരെയും ആക്രമണം നടത്താന്‍ ഉദ്ദേശ്യമില്ല. യുഎസിനെതിരെ ഒരിക്കലും അങ്ങനെയൊന്നുണ്ടായിട്ടില്ല. അമേരിക്കയ്ക്ക് അത നന്നായറിയാം. എന്നാല്‍, തിരിച്ച് അങ്ങനെയല്ല. ഇതിനകം തന്നെ ക്യൂബ യുഎസിന്റെ ബഹുമുഖ ആക്രമണങ്ങള്‍ നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍, സ്വയം പ്രതിരോധിക്കാന്‍ ക്യൂബയ്ക്ക് നിയമപരമായ അവകാശമുണ്ട് -അദ്ദേഹം വ്യക്തമാക്കി.

ട്രംപിന്റെ പുതിയ സമ്മര്‍ദ്ദങ്ങളും യുഎസ് ഉപരോധത്തെ തുടര്‍ന്ന് രൂക്ഷമായ ഊര്‍ജ്ജ പ്രതിസന്ധിയും കാരണം അമേരിക്കയും ക്യൂബയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പതിറ്റാണ്ടുകളിലെ ഏറ്റവും മോശം അവസ്ഥയിലാണിപ്പോള്‍. 

അവസാന നിമിഷം റഷ്യ സംഭാവനയായി നല്‍കിയ എണ്ണ തീര്‍ന്നുപോയെന്നും, ക്യൂബന്‍ ജനത ഇനിയും കൂടുതല്‍ പവര്‍ കട്ടുകള്‍ സഹിക്കേണ്ടിവരുമെന്നും കഴിഞ്ഞ ആഴ്ചയാണ് ഊര്‍ജ്ജ മന്ത്രി രാജ്യത്തോട് പറഞ്ഞത്. ഉപരോധങ്ങളെ തുടര്‍ന്ന് പതിറ്റാണ്ടുകളായി, ക്യൂബയുടെ കാര്‍ഷിക മേഖല തകര്‍ച്ചയിലാണ്. ഭക്ഷണത്തിന്റെ ഭൂരിഭാഗവും സര്‍ക്കാര്‍ ഇറക്കുമതി ചെയ്യുകയാണ്. ഒരുകാലത്ത് വന്‍തോതില്‍ ഉത്പാദിപ്പിച്ചിരുന്ന പഞ്ചസാര, കാപ്പി, പുകയില തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ പോലും ഇറക്കുമതി ചെയ്യേണ്ട അവസ്ഥയാണ്.

ട്രംപ് ഭരണകൂടം ക്യൂബക്കെതിരെ ഇന്നലെയും പുതിയ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. രഹസ്യാന്വേഷണ ഏജന്‍സി, ആഭ്യന്തര മന്ത്രാലയം എന്നിവ ഉള്‍പ്പടെ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും എതിരെയാണ് പുതിയ ഉപരോധം. നീതിന്യായ മന്ത്രി, റെവല്യൂഷണറി ആംഡ് ഫോഴ്സസ് സഹമന്ത്രിയും ഉള്‍പ്പെടെ 11 ക്യൂബന്‍ ഉന്നതര്‍ക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ ഉപരോധ നടപടികള്‍ പ്രതീക്ഷിക്കാമെന്ന് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഭീഷണി മുഴക്കുകയും ചെയ്തു. ഇതിനു പിന്നാലെ, പ്രമുഖ ഷിപ്പിംഗ് കമ്പനികളായ ഹാപഗ്-ലോയ്ഡ്, സിഎംഎ സിജിഎം എന്നിവ ക്യൂബന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.

കാസ്‌ട്രോ ഭരണകൂടം ഇല്ലാതാവുമെന്ന് ട്രംപ് ആവര്‍ത്തിച്ചു പറയുന്നുണ്ട്. 'അവര്‍ക്ക് നമ്മുടെ അടുത്തേക്ക് വരേണ്ടി വരുമെന്നാണ് ഞാന്‍ കരുതുന്നത്, അതൊരു പരാജയപ്പെട്ട രാജ്യമാണ്.' എന്നാണ് ' വെള്ളിയാഴ്ച ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞത്. ദീര്‍ഘകാല സാമ്പത്തിക ഉപരോധത്തിനും, ക്യൂബയുടെ ഊര്‍ജ്ജ പ്രതിസന്ധി മൂര്‍ച്ഛിക്കാനിടയാക്കിയ എണ്ണ ഉപരോധത്തിനും പുറമെ, മുന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയ്ക്കെതിരെ യു എസ് കുറ്റപത്രം തയ്യാറാക്കുന്നതായി വാര്‍ത്തയുണ്ട്. അതിനിടെ, ഏതൊരു ബാഹ്യമായ ആക്രമണത്തിനെതിരെയും സ്വയം പ്രതിരോധത്തിന് ക്യൂബയ്ക്ക് നിയമപരമായ അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.

സിഐഎ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ് കഴിഞ്ഞ ആഴ്ച ഹവാന സന്ദര്‍ശിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായും രഹസ്യാന്വേഷണ വിഭാഗങ്ങളുടെ തലവന്മാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.