മഹാമാരിയായി മാറിയ കൊവിഡില്‍ ലോകത്ത് മരണം ഒന്നരലക്ഷം കഴിഞ്ഞു. ഇന്ത്യന്‍ സമയം രാത്രി 11 വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം ഇന്ന് ഇതുവരെ ആഗോളതലത്തില്‍ 5366 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകത്താകമാനമായി ഇരുപത്തിരണ്ട് ലക്ഷത്തി മുപ്പത്തിയൊന്നായിരത്തിലധികം പേര്‍ക്കാണ് കൊവിഡ് ബാധയേറ്റിട്ടുള്ളത്. അഞ്ച് ലക്ഷത്തി അറുപത്തിനാലായിരം പേര്‍ക്ക് ഇതുവരെ രോഗം മാറിയിട്ടുണ്ട്.

അക്ഷരാര്‍ത്ഥത്തില്‍ അമേരിക്ക കൊവിഡ് മരണത്തില്‍ ഇന്നും ഞെട്ടിയെന്ന് പറയാം. ആയിരത്തി മുന്നൂറിലേറെ ജീവനുകളാണ് ഇന്ന് അമേരിക്കയില്‍ നഷ്ടമായത്. ഇന്ത്യന്‍ സമയം രാത്രി 11 മണിവരെയുള്ള കണക്കുകള്‍ പ്രകാരം 1327 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അമേരിക്കയിലെ മൊത്തം മരണസംഖ്യ മുപ്പത്തയ്യായിരം പിന്നിട്ടിട്ടുണ്ട്. എണ്ണായിരത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവിടുത്തെ മൊത്തം രോഗബാധിതരുടെ എണ്ണം ആറേമുക്കാല്‍ ലക്ഷം പിന്നിടുകയും ചെയ്തിട്ടുണ്ട്.

യുകെയിലാകട്ടെ ഇന്ന് ഇതുവരെ 847 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊത്തം മരണസംഖ്യ പതിനാലായിരം കടക്കുകയും ചെയ്തു. അയ്യായിരഞ്ഞൂറോളം പേര്‍ക്ക് ഇവിടെ പുതുതായി രോഗം സ്ഥിരികരിച്ചിട്ടുണ്ട്. മൊത്തം രോഗികളുടെ എണ്ണമാകട്ടെ 108692 ആയിട്ടുണ്ട്.

അതേസമയം ഇറ്റലിയിലാകട്ടെ ഇന്ന് 575 മരണങ്ങളാണ് 11 മണിവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 22745 ജീവനുകളാണ് കൊവിഡ് അപഹരിച്ചത്. ബെല്‍ജിയമാണ് ഇന്ന് മരണങ്ങള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു രാജ്യം. ഇവിടെ 300 ലധികമാണ് ഇന്നത്തെ മരണസംഖ്യ. ഇവിടുത്തെ മൊത്തം മരണസംഖ്യ 5100 പിന്നിട്ടു. സ്പെയിന്‍, ജര്‍മനി, തുര്‍ക്കി, കാനഡ, നെതര്‍ലാന്‍ഡ് എന്നിവിടങ്ങളിലും ഇന്ന് മരണസംഖ്യ നൂറ് പിന്നിട്ടു. ചൈനയില്‍ 1290 മരണങ്ങള്‍ കൂടി റിപ്പോര്‍ ചെയ്തു. നേരത്തെയുള്ള കണക്കില്‍ വ്യത്യാസമുണ്ടായിരുന്നെന്നാണ് വിശദീകരണം. രാജ്യത്തെ മൊത്തം മരണസംഖ്യ 4632 ആണെന്നും വ്യക്തമാക്കിയിട്ടുണ്ട്. 351 പേര്‍ക്ക് കൂടി ഇവിടെ പുതുതായി രോഗം ബാധിച്ചെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

കൊവിഡ്: ഇന്നത്തെ സമ്പൂര്‍ണ വിവരങ്ങളറിയാം


കൊവിഡ് -19 പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക