അക്ഷരാര്‍ത്ഥത്തില്‍ അമേരിക്ക കൊവിഡ് മരണത്തില്‍ ഇന്നും ഞെട്ടിയെന്ന് പറയാം ആയിരത്തി ഒരുനൂറോളം ജീവനുകളാണ് ഇന്ന് അമേരിക്കയില്‍ നഷ്ടമായത് ഇവിടുത്തെ മൊത്തം രോഗബാധിതരുടെ എണ്ണം ഏഴര ലക്ഷം പിന്നിടുകയും ചെയ്തിട്ടുണ്ട്

മഹാമാരിയായി മാറിയ കൊവിഡില്‍ ലോകത്ത് മരണനിരക്ക് വര്‍ധിക്കുന്നു. ആഗോളതലത്തില്‍ ഇതുവരെ ഒരു ലക്ഷത്തി അറുപത്തിനാലായിരത്തിലേറെപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി 11 വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം ഇന്ന് ഇതുവരെ ആഗോളതലത്തില്‍ 4147 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകത്താകമാനമായി ഇരുപത്തി മൂന്ന് ലക്ഷത്തി എണ്‍പത്തേഴായിരത്തിലധികം പേര്‍ക്കാണ് കൊവിഡ് ബാധയേറ്റിട്ടുള്ളത്. ആറ് ലക്ഷത്തി പതിനാലായിരത്തോളം പേര്‍ക്ക് ഇതുവരെ രോഗം മാറിയിട്ടുണ്ട്.

അക്ഷരാര്‍ത്ഥത്തില്‍ അമേരിക്ക കൊവിഡ് മരണത്തില്‍ ഇന്നും ഞെട്ടിയെന്ന് പറയാം. ആയിരത്തി ഒരുനൂറോളം ജീവനുകളാണ് ഇന്ന് അമേരിക്കയില്‍ നഷ്ടമായത്. ഇന്ത്യന്‍ സമയം രാത്രി 11 മണിവരെയുള്ള കണക്കുകള്‍ പ്രകാരം 1095 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അമേരിക്കയിലെ മൊത്തം മരണസംഖ്യ നാല്‍പ്പതിനായിരം പിന്നിട്ടിട്ടുണ്ട്. പതിനാറായിരത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവിടുത്തെ മൊത്തം രോഗബാധിതരുടെ എണ്ണം ഏഴര ലക്ഷം പിന്നിടുകയും ചെയ്തിട്ടുണ്ട്.

യുകെയിലും കൊവിഡ് ഭീതി തുടരുകയാണ്. ഇന്ന് ഇതുവരെ 596 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊത്തം മരണസംഖ്യ പതിനാറായിരം കടക്കുകയും ചെയ്തു. അയ്യായിരഞ്ഞൂറിലേറെ പേര്‍ക്ക് ഇവിടെ പുതുതായി രോഗം സ്ഥിരികരിച്ചിട്ടുണ്ട്. മൊത്തം രോഗികളുടെ എണ്ണമാകട്ടെ 120067 ആയിട്ടുണ്ട്.

അതേസമയം ഇറ്റലിയിലാകട്ടെ ഇന്ന് 433 മരണങ്ങളാണ് 11 മണിവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 23660 ജീവനുകളാണ് കൊവിഡ് അപഹരിച്ചത്. സ്പെയിന്‍, ഫ്രാന്‍സ്, ബെല്‍ജിയം എന്നിവിടങ്ങളിലും കനത്ത ആശങ്കയാണ് കൊവിഡ് വിതയ്ക്കുന്നത്. സ്പെയിനില്‍ 410 മരണങ്ങളാണ് 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവിടുത്തെ മൊത്തം മരണസംഖ്യ 20453 ആയിട്ടുണ്ട്. ഫ്രാന്‍സിലാകട്ടെ ഇന്ന് 395 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊത്തം മരണസംഖ്യ 19718 ആയിട്ടുണ്ട്. ബെല്‍ജിയത്തിലാകട്ടെ 230 മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇവിടുത്തെ മൊത്തം മരണസംഖ്യ 5600 പിന്നിട്ടു. തുര്‍ക്കിയിലും മെക്സിക്കോയിലും ഇന്ന് മാത്രം നൂറിലേറെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ നൂറിലേറെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന ജര്‍മനി, കാനഡ, നെതര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ മരണസംഖ്യയില്‍ ആശ്വാസമുണ്ട്. ജര്‍മ്മനിയില്‍ 9 മരണങ്ങള്‍ മാത്രമാണ് 11 മണിവരെ റിപ്പോര്‍ട്ട് ചെയ്തത്. കാനഡയില്‍ 39 ഉം നെതര്‍ലാന്‍സില്‍ 83 ഉം ജീവനുകളാണ് കൊവിഡില്‍ നഷ്ടമായത്.

കൊവിഡ്: ഇന്നത്തെ സമ്പൂര്‍ണ വിവരങ്ങളറിയാം


കൊവിഡ് -19 പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക