ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ആദ്യ മുസ്ലിം മേയർ, ദക്ഷിണേഷ്യകാരനായ ആദ്യ മേയര്‍, ഏറ്റവും പ്രായംകുറഞ്ഞ മേയർ. ഒരുപാട് റെക്കോഡുകളുമായാണ് ട്രംപിന്റെ കടുത്ത എതിരാളി സൊഹ്‌റാന്‍ മംദാനിയുടെ വമ്പൻ വിജയം
ന്യൂയോർക്ക്: ട്രംപ് വിരുദ്ധ വികാരം ശക്തമായ അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് തിളക്കമാർന്ന വിജയം. ട്രംപിന്റെ നയങ്ങളോടുള്ള വിയോജിപ്പിന്റെ വിധിയെഴുത്തായി ഇത്തവണ തെരഞ്ഞെടുപ്പ് ഫലങ്ങൾ. കുടിയേറ്റ വിഭാഗവും, മുസ്ലിം മതസ്ഥരും സ്ത്രീകളുമായിരുന്നു ഇത്തവണ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥികളെന്നതാണ് ശ്രദ്ധേയമായത്.
ട്രംപിന്റെ പ്രസ്താവനകൾ കൊണ്ട് ലോകം ഉറ്റുനോക്കിയ ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പിൽ, ട്രംപിന് വലിയ തിരിച്ചടി നൽകി ഡെമോക്രാറ്റ് സ്ഥാനാർത്ഥി സൊഹ്റാൻ മംദാനി ചരിത്ര വിജയം നേടി. വിര്‍ജിനിയയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഗവര്‍ണറായി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി അബിഗെയ്ല്‍ സ്പാന്‍ബെര്‍ഗര്‍ വിജയിച്ചു. ന്യൂജേഴ്‌സി ഗവര്‍ണര്‍ തിരഞ്ഞെടുപ്പിലും ഡെമോക്രാറ്റിക് പാര്‍ട്ടിക്കാണ് വിജയം. മൈക്കീ ഷെറിലാണ് ന്യൂജേഴ്‌സി ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യൻ വംശജനായ സൊഹ്റാൻ മംദാനി അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിന്റെ തലവനായത് ട്രംപിന് കനത്ത തിരിച്ചടിയാണ്. ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ആദ്യ മുസ്ലിം മേയർ, ദക്ഷിണേഷ്യകാരനായ ആദ്യ മേയര്‍, ഏറ്റവും പ്രായംകുറഞ്ഞ മേയർ. ഒരുപാട് റെക്കോഡുകളുമായാണ് ട്രംപിന്റെ കടുത്ത എതിരാളി സൊഹ്‌റാന്‍ മംദാനിയുടെ വമ്പൻ വിജയം. ഇന്ത്യൻ വംശജയായ സംവിധായക മീര നായരുടെയുംയുഗാണ്ടൻ എഴുത്തുകാരൻ മഹമൂദ് മംദാനിയുടെയും മകനാണ് സൊഹ്റാൻ.
സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച മുൻ ന്യൂയോർക്ക് ഗവർണർ ആൻഡ്രു കുമോ ആയിരുന്നു പ്രധാന എതിരാളി. റിപ്പബ്ലിക്കൻ പാർട്ടിയിലെ കർട്ടിസ് സ്ലിവ മത്സരിച്ചെങ്കിലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുമോയെ ആണ് പിന്തുണച്ചത്. മംദാനി വിജയിച്ചാൽ അത് നഗരത്തിന് അപകടം ആകുമെന്നും നഗരത്തിനുള്ള ഫെഡറൽ സഹായം തടയുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു എന്നാൽ അതൊന്നും ഫലം കണ്ടില്ല. നെഹ്‌റുവിനെ ഉദ്ധരിച്ചായിരുന്നു മംദാനിയുടെ വിജയാഹ്ലാദ പ്രസംഗം.
