ഗാസയിലേക്ക് മാനുഷിക സഹായവുമായി പോയ ട്രക്ക് ഹമാസ് തട്ടിയെടുക്കുന്നതിന്‍റെ ഡ്രോൺ ദൃശ്യങ്ങൾ യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടു. വടക്കൻ ഖാൻ യൂനിസിന് സമീപത്ത് വച്ച് ഹമാസ് അംഗങ്ങൾ ട്രക്ക് ഡ്രൈവറെ ആക്രമിച്ച് വാഹനം തട്ടിയെടുക്കുന്നത് കാണാം.
വെടിനിർത്തല്‍ കരാറിന് പിന്നലെ ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കളുമായി പോയ ട്രക്കുകൾ ഹമാസ് തട്ടിയെടുക്കുന്ന ഡ്രോണ്‍ ദൃശ്യങ്ങൾ പുറത്ത് വിട്ട് യുഎസ്. ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്ന ഒരു വാഹനവ്യൂഹത്തിന്‍റെ ഭാഗമായിരുന്നു കൊള്ളയടിക്കപ്പെട്ട ട്രക്കെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ നിരീക്ഷിക്കുകയായിരുന്ന ഡ്രോണാണ് ദൃശ്യങ്ങൾ പകർത്തിയതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡ് (CENTCOM)ആണ് വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ടത്.
ഡ്രോണ്‍ നിരീക്ഷണം
യുഎസ് നേതൃത്വത്തിലുള്ള സിവിൽ-മിലിട്ടറി കോർഡിനേഷൻ സെന്‍റർ , ആവശ്യ സഹായം എത്തിക്കുന്ന ഒരു മാനുഷിക സംഘത്തിന്‍റെ ഭാഗമായി സഞ്ചരിക്കുകയായിരുന്ന ഒരു സഹായ ട്രക്ക് ഹമാസ് സംഘാംഗങ്ങൾ ഒക്ടോബർ 31 ന് കൊള്ളയടിക്കുന്നത് നിരീക്ഷിച്ചു. വടക്കൻ ഖാൻ യൂനിസിലെ ഗാസക്കാർക്ക് അന്താരാഷ്ട്ര പങ്കാളികളിൽ നിന്ന് ആവശ്യമായ സഹായം എത്തിക്കുന്ന ഒരു മാനുഷിക സംഘത്തിന്‍റെ ഭാഗമായി പോവുകയായിരുന്ന ഒരു സഹായ ട്രക്കാണ് ഹമാസ് സംഘാംഗങ്ങൾ കൊള്ളയടിക്കുന്നത് യുഎസ് നേതൃത്വത്തിലുള്ള സിവിൽ-മിലിട്ടറി കോർഡിനേഷൻ സെന്‍റർ (CMCC) നിരീക്ഷിച്ചതെന്ന് വീഡിയോ എക്സില്‍ പങ്കുവച്ച് കൊണ്ട് യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡ് എഴുതി.
ട്രക്ക് ഡ്രൈവറെ അക്രമിച്ചു
യുഎസ് നേതൃത്വത്തിലുള്ള സിവിൽ-മിലിട്ടറി കോർഡിനേഷൻ സെന്‍റിന്‍റെ ഒരു അമേരിക്കൻ എംക്യു-9 നിരീക്ഷണ ഡ്രോണിൽ വടക്കൻ ഖാൻ യൂനിസിന് സമീപത്ത് നിന്നും പകത്തിയ ദൃശ്യങ്ങളായിരുന്നു അത്. "ഡ്രൈവറെ ആക്രമിച്ച് അദ്ദേഹത്തെ റോഡിന്‍റെ മീഡിയനിലേക്ക് മാറ്റിയ ശേഷം സഹായ ഉപകരണവും ട്രക്കും ഹമാസ് മോഷ്ടിച്ചു. ഡ്രൈവറുടെ നിലവിലെ അവസ്ഥ അജ്ഞാതമാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. അന്താരാഷ്ട്ര പങ്കാളികളിൽ നിന്ന് ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്ന ഒരു സംഘത്തിന്റെ ഭാഗമായിരുന്നു കൊള്ളയടിക്കപ്പെട്ട ട്രക്ക്. ഗാസയിലേക്കുള്ള മാനുഷിക, ലോജിസ്റ്റിക്കൽ, സുരക്ഷാ സഹായങ്ങൾ ഏകോപിപ്പിക്കുന്നതിനും യുദ്ധാനന്തര സ്ഥിരതയ്ക്ക് മേൽനോട്ടം വഹിക്കുന്നതിനും വേണ്ടി യുഎസ് നേതൃത്വത്തിലാണ് ഏകദേശം 40 രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും പ്രതിനിധികൾ ഉൾപ്പെടുന്ന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
ഗാസയിലേക്കുള്ള സഹായം
അടുത്ത ദിവസങ്ങളിൽ പ്രതിദിനം 600-ലധികം ട്രക്കുകളിൽ സഹായ, വാണിജ്യ വസ്തുക്കൾ ഗാസയിലേക്ക് കടക്കുമെന്നും ഇത്തരം പ്രവര്‍ത്തനങ്ങൾ ഈ ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നുവെന്നും സിവിൽ-മിലിട്ടറി കോർഡിനേഷൻ സെന്‍റർ മുന്നറിയിപ്പ് നല്‍കി. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ 20-പോയിന്‍റ് ഗാസ സമാധാന പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ഇസ്രയേലും ഹമാസും വെടിനിര്‍ത്തൽ ധാരണയിലെത്തിയത്. എന്നാൽ ഹമാസ് ബന്ദികളുടെ മൃതദേഹം കൈമാറ്റം വൈകിപ്പിച്ചെന്നും ചില തെറ്റായ മൃതദേഹങ്ങൾ അയച്ചെന്നും ആരോപിച്ച് ഇസ്രയേല്‍ വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ വ്യോമാക്രമണം നടത്തിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.
