അൾജീരിയൻ സ്വദേശിയായ യുവതിയാണ് സഹോദരി താമസിച്ചിരുന്ന അപാർട്ട്മെന്റിന്റെ കെയർ ടേക്കർ ദമ്പതികളുടെ 12 വയസ് പ്രായമുള്ള മകളായ ലോലാ ഡാവിയറ്റിനെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്.
പാരീസ്: സഹോദരിയുടെ ഫ്ലാറ്റിന്റെ താക്കോൽ നൽകിയിട്ടും ബാഡ്ജ് നൽകിയില്ല. കെയർ ടേക്കറുടെ 12കാരിയായ മകളെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി 27കാരി. വടക്കൻ പാരീസിലെ കെട്ടിട സമുച്ചയത്തിലാണ് സംഭവം. അൾജീരിയൻ സ്വദേശിയായ യുവതിയാണ് സഹോദരി താമസിച്ചിരുന്ന അപാർട്ട്മെന്റിന്റെ കെയർ ടേക്കർ ദമ്പതികളുടെ 12 വയസ് പ്രായമുള്ള മകളായ ലോലാ ഡാവിയറ്റിനെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്. 12കാരിയുടെ കഴുത്തിലും ശരീരത്തിലും കത്രിക ഉപയോഗിച്ച് മുറിവുകൾ ഉണ്ടാക്കിയ ശേഷമായിരുന്നു കൊലപാതകം. കഴുത്തിൽ നിന്ന് പാതിയോളം അറുത്ത് മാറ്റിയ നിലയിലുള്ള മൃതദേഹം വലിയ പെട്ടിക്കുള്ളിൽ വച്ച നിലയിലാണ് കണ്ടെത്തിയത്. ദാഹ്ബിയ ബെൻകീർഡ് എന്ന 27കാരിയുടെ ക്രൂരത ഫ്രാൻസിനെ ഞെട്ടിച്ചിരുന്നു. 2022 ഒക്ടോബറിൽ നടന്ന കൊലപാതകത്തിൽ വിചാരണ ഇന്നാണ് ആരംഭിച്ചത്. വടക്കൻ ഫ്രാൻസിലെ ക്രിമിനൽ കോടതിയിലാണ് വിചാരണ നടക്കുന്നത്.
കൊലപാതകത്തിന് ശേഷം മൃതദേഹം ബെഡ് ഷീറ്റുകൊണ്ട് മറച്ച പെട്ടിക്കുള്ളിലാക്കി ഉപേക്ഷിക്കാൻ ശ്രമിക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സ്കൂളിൽ നിന്ന് തിരിച്ച് അപാർട്ട്മെന്റിലെത്തിയ 12കാരിയെ സഹോദരിയുടെ അപാർട്ട്മെന്റിലേക്ക് എത്തിച്ച ശേഷമായിരുന്നു 27കാരിയുടെ ക്രൂരത. എന്നാൽ യുവതിയുടെ ബാഗിലെ അസ്വഭാവികത ചിലർ ചോദ്യം ചെയ്തതിന് പിന്നാലെ യുവതി കൊലപാതകം നടന്നയിടത്ത് നിന്ന് മുങ്ങുകയായിരുന്നു. എന്നാൽ യുവതിയെ പൊലീസ് അടുത്ത ദിവസം പിടികൂടുകയായിരുന്നു. 2013ലാണ് 27കാരി ഫ്രാൻസിൽ സ്ഥിര താമസമാക്കിയത്.
രാഷ്ട്രീയ വിവാദങ്ങളിലേക്കുമെത്തിയ കൊലപാതകം
ഇതിന് മുൻപ് ബന്ധുവീടുകളിൽ ആയിരുന്നു യുവതി താമസിച്ചിരുന്നത്. 2019-2020 വർഷങ്ങളിൽ മാതാപിതാക്കൾ മരിച്ചതോടെ തനിക്ക് മാനസിക വെല്ലുവിളികൾ നേരിട്ടിരുന്നതായാണ് യുവതി കോടതിയെ അറിയിച്ചിട്ടുള്ളത്. സ്റ്റുഡന്റ് വിസയിലാണ് യുവതി ഫ്രാൻസിലെത്തിയത്. സഹോദരി താമസിക്കുന്ന അപാർട്ട്മെന്റിന്റെ താക്കോൽ നൽകിയിട്ടും മുൻവാതിലിലൂടെ കയറാനുള്ള ബാഡ്ജ് നൽകാൻ കെയർ ടേക്കർ ദമ്പതികൾ വിസമ്മതിച്ചതാണ് ക്രൂരതയ്ക്ക് കാരണമായതെന്നാണ് യുവതി വിശദമാക്കുന്നത്. ജീവപരന്ത്യം തടവ് ശിക്ഷ യുവതിക്ക് ലഭിക്കാൻ പ്രാപ്തമായ കുറ്റങ്ങളാണ് 27കാരിക്ക് മേൽ ചുമത്തിയിട്ടുള്ളത്. ഫ്രാൻസിൽ കുടിയേറ്റ നിയമങ്ങൾ ശക്തമാക്കണമെന്ന് ആവശ്യം തീവ്ര വലതുപക്ഷം മുന്നോട്ടേക്ക് ശക്തമായി ഉയർത്താൻ ഈ കൊലപാതകം കാരണമായിരുന്നു.


