ഗ്രീൻലാൻഡ് അവകാശ തർക്കങ്ങൾക്കിടെ, ഊർജ്ജ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് ചെറിയ മോഡുലാർ ആണവ റിയാക്ടറുകൾ നിർമ്മിക്കാൻ ഡെന്മാർക്ക് ഒരുങ്ങുന്നു. ഇതിനായി 1985-ലെ ആണവോർജ്ജ നിരോധനം പിൻവലിക്കുന്നത് സർക്കാർ പരിഗണനയിലാണ്
കോപ്പൻഹേഗൻ: ഗ്രീൻലാൻഡ് അവകാശ തർക്കത്തിനിടെ ചെറിയ മോഡുലാർ ആണവ റിയാക്ടറുകൾ നിർമ്മിക്കാനുള്ള നീക്കവുമായി ഡെന്മാർക്ക്. ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റാനെന്ന വിശദീകരണവുമായാണ് 1985-ൽ കൊണ്ടുവന്ന ആണവോർജ്ജ നിരോധനം പിൻവലിക്കാൻ ആലോചിക്കുന്നതെന്ന് കാലാവസ്ഥാ, ഊർജ്ജ മന്ത്രാലയം അറിയിച്ചു. പുതിയ ആണവ സാങ്കേതികവിദ്യകളുടെ "സാധ്യതകളും അപകടസാധ്യതകളും" അന്വേഷിക്കുന്നതിനുമാണ് ആലോചന. കാറ്റും സൗരോർജ്ജവുമാണ് നിലവിൽ ഡെന്മാർക്കിൻ്റെ പ്രധാന ഊർജ്ജ സ്രോതസ്സ്.
ആണവ റിയാക്ടറുകൾ വഴി ഊർജ്ജം ഉൽപ്പാദിപ്പിക്കാനായാൽ ഊർജ്ജ ആവശ്യകതയിൽ സ്വയം പര്യാപ്തത നേടാൻ സാധിക്കുമെന്നാണ് ഊർജ്ജ മന്ത്രി ലാർസ് ആഗാർഡ് വ്യക്തമാക്കുന്നത്. ഇവ നിർമിക്കാൻ എളുപ്പമാണെന്നും വലിയ പവർ റിയാക്ടറുകളേക്കാൾ താങ്ങാവുന്ന ചെലവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നിയന്ത്രണ പ്രക്രിയകൾ, സുരക്ഷാ പ്രശ്നങ്ങൾ, റേഡിയോ ആക്ടീവ് മാലിന്യങ്ങൾ കൈകാര്യം ചെയ്യൽ, ചെലവ് അടക്കമുള്ള കാര്യങ്ങളിൽ സർക്കാർ കൂടുതൽ വ്യക്തത തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയുടെ 2024 ലെ കണക്കുകൾ പ്രകാരം ഡെൻമാർക്കിലെ വൈദ്യുതി ഉൽപാദനത്തിന്റെ 58 ശതമാനവും കാറ്റിൽ നിന്നാണ്. അവശേഷിക്കുന്ന 18 ശതമാനം ജൈവ ഇന്ധനങ്ങളാണ്. 11 ശതമാനം സൗരോർജ്ജത്തിൽ നിന്നാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. ഇതിന് പുറമെ മാലിന്യത്തിൽ നിന്നും കൽക്കരിയിൽ നിന്നുമായി അഞ്ച് ശതമാനം വൈദ്യുതിയും ഉൽപ്പാദിപ്പിക്കുന്നുണ്ട്.

