ഇറാൻ യുദ്ധത്തിനിടെ ആഗോള സമാധാനത്തിന് ആഹ്വാനം ചെയ്ത പോപ്പ് ലിയോ പതിനാലാമനെതിരെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്ത്. പോപ്പ് വളരെ ലിബറലാണെന്നും കുറ്റകൃത്യങ്ങൾ തടയുന്നതിൽ വിശ്വസിക്കാത്ത ആളാണെന്നും ട്രംപ് ആരോപിച്ചു. ഇതോടെ വത്തിക്കാനും വാഷിംഗ്ടണും തമ്മിലുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തതായി റിപ്പോർട്ടുകളുണ്ട്.
ഇറാൻ യുദ്ധത്തിന്‍റെ മധ്യത്തിൽ രാജ്യത്തെ ക്രിസ്ത്രീയ പുരോഹിതരെ വൈറ്റ് ഹൗസിലേക്ക് വിളിച്ച് വരുത്തി പ്രാർത്ഥന നടത്തിയ ട്രംപ്, ഒടുവിൽ ആഗോള കത്തോലിക്കാ സഭയുടെ തലവനായ പോപ്പ് ലിയോ പതിനാലാമനെതിരെ രംഗത്തെത്തി. പോപ്പ് ലിയോ ആഗോള സമാധാനത്തിനായുള്ള അഭ്യർത്ഥന നടത്തിയതിന് പിന്നാലെയാണ് പോപ്പിനെ തള്ളി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയത്. താൻ പോപ്പ് ലിയോയുടെ വലിയ ആരാധനകനല്ലെന്നായിരുന്നു ട്രംപിന്‍റെ പ്രസ്ഥാവന.
പോപ്പിനെതിരെ ട്രംപ്
മേരിലാൻഡിലെ ജോയിന്‍റ് ബേസ് ആൻഡ്രൂസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ്, പോപ്പ് ലിയോയെ തള്ളിയത്. പോപ്പ് വളരെ ലിബറലായ വ്യക്തിയാണെന്നും അദ്ദേഹം കുറ്റകൃത്യങ്ങൾ തടയുന്നതിൽ വിശ്വസിക്കാത്ത ആളാണെന്നും ട്രംപ് അവകാശപ്പെട്ടു. ഒപ്പം പോപ്പ് ആണവായുധം ആഗ്രഹിക്കുന്ന ഒരു രാജ്യവുമായി കളിക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. അമേരിക്കക്കാരനായ പോപ്പ് ലിയോ ശനിയാഴ്ച സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയിലെത്തിയ വിശ്വാസികളോട് സംസാരിക്കവെ അക്രമം അവസാനിപ്പിക്കാൻ ലോക നേതാക്കളോട് പരസ്യമായി അഭ്യർത്ഥിച്ചിരുന്നു. "മതി, അവനവന്‍റെയും പണത്തിന്‍റെയും വിഗ്രഹാരാധന! മതി, അധികാരപ്രകടനം! മതി, യുദ്ധം!" എന്നായിരുന്നു പോപ്പിന്‍റെ വാക്കുകൾ. ഇതിന് പിന്നാലെ തന്‍റെ ട്രൂത്ത് സോഷ്യലിലൂടെ "ഇറാൻ ആണവായുധം കൈവശം വയ്ക്കുന്നത് ശരിയാണെന്ന് കരുതുന്ന ഒരു പോപ്പിനെ എനിക്ക് വേണ്ട" എന്ന് ട്രംപ് കുറിച്ചു.
കത്തോലിക്കാ സഭയും ട്രംപും രണ്ട് വഴിക്ക്?
പോപ്പ് ലിയോ, ട്രംപ് ഭരണകൂടത്തിനെതിരെ നടത്തിയ പ്രഭാഷണത്തെ കുറിച്ച് 'കയ്പ്പേറിയ പ്രഭാഷണം' എന്ന് പെൻറഗണിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ അമേരിക്കയിലെ സഭാ പ്രതിനിധിയെ വിളിച്ച് പറഞ്ഞെന്ന റിപ്പോര്‍ട്ടുകൾ വത്തിക്കാൻ നിഷേധിച്ചു. അതേസമയം കർദ്ദിനാൾ ക്രിസ്റ്റോഫ് പിയറിനെ പെന്‍റഗണിലേക്ക് വിളിപ്പിച്ചെന്നും അവിടെ യുഎസ് അണ്ടർ സെക്രട്ടറി ഓഫ് ഡിഫൻസ് ഫോർ പോളിസി എൽബ്രിഡ്ജ് കോൾബി അദ്ദേഹത്തോട് രൂക്ഷമായി സംസാരിച്ചെന്നും ഫ്രീ പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ വത്തിക്കാനും വാഷിംഗ്ടണും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തതായി റിപ്പോര്‍ട്ടുകൾ വന്നിരുന്നു. അമേരിക്കയ്ക്ക് എന്ത് വേണമെങ്കിലും ചെയ്യാനുള്ള സൈനിക ശക്തിയുണ്ടെന്നും സഭ അവരുടെ പക്ഷം പിടിക്കുന്നതാണ് നല്ലതെന്നും സൈനിക ഉദ്യോഗസ്ഥൻ കർദ്ദിനാളിനോട് പറഞ്ഞതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ അത്തരമൊരു സംഭാഷണം നടന്നിട്ടില്ലെന്നാണ് വത്തിക്കാൻ അറിയിച്ചത്. അതേസമയം ട്രംപ് ഭരണകൂടത്തിന്‍റെ നാടുകടത്തലിനെയും വെനിസ്വേലയിലെയും പശ്ചിമേഷ്യയിലെയും സൈനിക ഇടപടെലിനെയും 'മനുഷ്യത്വ രഹിതം' എന്നാണ് പോപ്പ് വിശേഷിപ്പിച്ചത്.


