ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി, യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫുമായുള്ള ചർച്ചയിലെ ഭീതിജനകമായ സാഹചര്യങ്ങൾ വെളിപ്പെടുത്തി.

ടെഹ്‌റാൻ: ഇറാനെതിരെ യുഎസ് വീണ്ടും ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ചർച്ച നടക്കുന്ന ഹാൾ ഏതുനിമിഷവും ബോംബിട്ട് തകർക്കപ്പെട്ടേക്കാം എന്ന് ഭയപ്പെടുന്ന ഒരു സാഹചര്യത്തിൽ എപ്പോഴെങ്കിലും ചർച്ച നടത്തിയിട്ടുണ്ടോ എന്ന് താൻ അമേരിക്കൻ നയതന്ത്രജ്ഞനോട് ചോദിച്ചതായി അരാഗ്ചി പറഞ്ഞു. 

ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അരാഗ്ചി ചർച്ചയുടെ വിവരങ്ങൾ പങ്കുവെച്ചത്. കടുത്ത ശത്രുത നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു ചർച്ച നടന്നതെന്നും, സൈനിക നടപടിയുടെ നിരന്തരമായ ഭീഷണിക്ക് കീഴിലാണ് ഇറാനിയൻ ഉദ്യോഗസ്ഥർ ചർച്ചകളിൽ പങ്കെടുത്തതെന്നും അദ്ദേഹം വിവരിച്ചു. 

ഏതുനിമിഷവും യോഗം നടക്കുന്ന സ്ഥലം ബോംബിട്ട് തകർക്കപ്പെട്ടേക്കാമെന്ന ഭീതിയിൽ നിങ്ങൾ എപ്പോഴെങ്കിലും മീറ്റിംഗിൽ ഇരുന്നിട്ടുണ്ടോ? നിങ്ങൾ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ, അവർ പറയുന്നതുപോലെ നിങ്ങൾ തകർക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തേക്കാമെന്ന അവസ്ഥ ഉണ്ടായിട്ടുണ്ടോ? ഉദാഹരണത്തിന്, നിങ്ങളുടെ കുടുംബത്തിന്റെ വിവരങ്ങൾ ഫോണിലൂടെ അന്വേഷിക്കുമ്പോൾ ഇത് അവരുമായുള്ള നിങ്ങളുടെ അവസാനത്തെ സംഭാഷണമായിരിക്കാം എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?’ ഇത്തരം ഭീഷണികൾ നിലനിൽക്കുന്നുണ്ടെങ്കിലും, അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങാൻ ഇറാൻ തയ്യാറല്ലെന്ന് യുഎസ് പ്രതിനിധിയോട് വ്യക്തമാക്കിയതായും അരാഗ്ചി കൂട്ടിച്ചേർത്തു.