ഓസ്ട്രിയൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ഗുന്തർ ഫെഹ്ലിംഗർ-ജാൻ്റെ എക്സിലെ അക്കൗണ്ടിന് ഇന്ത്യയിൽ നിരോധനം
ദില്ലി: കടുത്ത ഇന്ത്യാ വിരുദ്ധ നിലപാടെടുത്ത ഓസ്ട്രിയൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ഗുന്തർ ഫെഹ്ലിംഗർ-ജാൻ്റെ എക്സിലെ അക്കൗണ്ടിന് ഇന്ത്യയിൽ നിരോധനം. ഇന്ത്യയെ തകർക്കാൻ ആഹ്വാനം ചെയ്തും മോദി റഷ്യയുടെ ആളെന്നും കുറ്റപ്പെടുത്തിയ എക്സിലെ കുറിപ്പ് വലിയ തോതിൽ ചർച്ചയായതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ ഇടപെട്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും മന്ത്രാലയവും എക്സിലെ കുറിപ്പ് റിപ്പോർട്ട് ചെയ്തതോടെ എക്സ് അധികൃതർ ഇത് ഇന്ത്യാക്കാർക്ക് കാണാൻ സാധിക്കാത്ത നിലയിലാക്കി.
ഖലിസ്ഥാന്റെ ഭൂപടം സഹിതമാണ് ഗുന്തർ ഫെഹ്ലിംഗർ-ജാൻ പോസ്റ്റ് പങ്കുവെച്ചത്. 'ഇന്ത്യയെ പൊളിച്ചുമാറ്റി എക്സ്ഇന്ത്യയാക്കാൻ ഞാൻ ആവശ്യപ്പെടുന്നു. നരേന്ദ്ര മോദി റഷ്യയുടെ ആളാണ്. ഖലിസ്ഥാൻ്റെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരുടെ സൗഹൃദമാണ് നമുക്കാവശ്യം' - എന്നാണ് ഇയാൾ എക്‌സിൽ കുറിച്ചത്. ഉക്രെയ്ൻ, കൊസോവോ, ബോസ്നിയ, ഓസ്ട്രിയ എന്നീ രാജ്യങ്ങളുടെ നാറ്റോ അംഗത്വത്തിനുള്ള ഓസ്ട്രിയൻ കമ്മിറ്റിയുടെ പ്രസിഡൻ്റാണ് ഗുന്തർ ഫെഹ്ലിംഗർ-ജാൻ.
അതേസമയം ഈ പോസ്റ്റ് വിവാദമാക്കാൻ കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നില്ലെന്നാണ് വിവരം. അയാളൊരു വിഡ്ഢിയാണെന്നും ഔദ്യോഗിക പദവികൾ വഹിക്കുന്നില്ലെന്നുമാണ് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതനെ പേര് പറയാതെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇന്ത്യാക്കാർ ഒന്നടങ്കം അതിരൂക്ഷമായി വിമർശനം ഉന്നയിച്ച് ഗുന്തർ ഫെഹ്ലിംഗർ-ജാൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ രംഗത്തെത്തിയിട്ടുണ്ട്.

