വാഷിംഗ്‍ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ കൊവിഡ് 19 പരിശോധനാ ഫലം വീണ്ടും നെഗറ്റീവ് എന്ന് സിഎന്‍എന്‍ റിപ്പോർട്ട്. ഇത് രണ്ടാം തവണയാണ് ട്രംപിന് കൊവിഡ് ബാധയില്ലെന്ന് വൈറ്റ് ഹൌസ് സ്ഥിരീകരിക്കുന്നത്. 

'ഇന്ന് രാവിലെ പ്രസിഡന്‍റിനെ വീണ്ടും കൊവിഡ് 19 പരിശോധനയ്ക്ക് വിധേയനാക്കി. പെട്ടെന്ന് ഫലമറിയാനുള്ള പുതിയൊരു റാപ്പിഡ് ടെസ്റ്റാണ് അദേഹത്തിന് നടത്തിയത്. അദേഹം ആരോഗ്യവാനാണ്, രോഗലക്ഷണങ്ങളൊന്നുമില്ല. ഒരു മിനുറ്റിനുള്ളില്‍ സാംപിള്‍ എടുക്കുകയും 15 മിനുറ്റുകൊണ്ട് ഫലമറിയുകയും ചെയ്തു' എന്നും വൈറ്റ് ഹൌസ് ഡോക്ടർ സീന്‍ കോണ്‍ലെ വ്യക്തമാക്കി. 

Read more: നേരിടാനുള്ളത് വേദന നിറഞ്ഞ രണ്ടാഴ്ച, ലക്ഷങ്ങള്‍ മരിച്ചുവീഴാം; മുന്നറിയിപ്പുമായി ട്രംപ്

മാർച്ച് പകുതിയോടെയാണ് ട്രംപിനെ ആദ്യമായി കൊവിഡ് 19 പരിശോധനയ്ക്ക് വിധേയനാക്കിയത്. കൊവിഡ് സ്ഥിരീകരിച്ച രണ്ടുപേരുമായി സമ്പർക്കം പുലർത്തിയിരുന്നതിനെ തുടർന്നായിരുന്നു അന്നത്തെ പരിശോധന. ട്രംപുമായി അടുത്തിടപഴകുന്ന എല്ലാവരുടെയും ശരീരോഷ്മാവ് അളക്കാനാരംഭിച്ചതായി കഴിഞ്ഞ മാസം വൈറ്റ് ഹൌസ് അറിയിച്ചിരുന്നു. 

Read more: മൈക്ക് ഡി'വൈൻ, വരാനിരുന്ന കൊറോണയ്ക്കെതിരെ സാധ്യമായതെല്ലാം ചെയ്ത ഈ ഒഹായോ ഗവർണർ ട്രംപിന് മാതൃക

ലോകത്താകെ കൊവിഡ് 19 ബാധിതരുടെ എണ്ണം ഒരു മില്യണ്‍(10 ലക്ഷം) കടന്നിരിക്കുകയാണ്. ഇതിനകം 53,000ത്തിലേറെ പേർക്ക് ജീവന്‍ നഷ്ടമായി. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്(245,066). ഇതിനകം 6,075 പേർ ഇവിടെ മരണപ്പെട്ടു. ഇറ്റലിയാണ് ഏറ്റവും കൂടുതല്‍ മരണം സ്ഥിരീകരിക്കപ്പെട്ട രാജ്യം. 13,915 പേരുടെ ജീവനാണ് മഹാമാരി കവർന്നത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക