Asianet News MalayalamAsianet News Malayalam

യുദ്ധം ചെയ്യാൻ വന്നാൽ ഇറാൻ അതോടെ തീരും: അമേരിക്കയെ പേടിപ്പിക്കണ്ടെന്ന് ട്രംപ്

ഇറാനുമായി ഒരു യുദ്ധത്തിനില്ലെന്ന് അമേരിക്കൻ വിദേശ സെക്രട്ടറി മൈക് പൊംപേയോ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ ട്വീറ്റ്

Donald trump asks Iran not to threaten US
Author
Washington D.C., First Published May 20, 2019, 5:57 AM IST

ഇറാനെതിരെയുള്ള അമേരിക്കയുടെ സൈനിക നീക്കങ്ങൾ ലോകത്ത് വീണ്ടുമൊരു യുദ്ധത്തിനുള്ള സാഹചര്യങ്ങൾ ഒരുക്കവെ ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ്. ഇറാൻ യുദ്ധത്തിന് ശ്രമിച്ചാൽ അതായിരിക്കും ഇറാന്റെ ഔദ്യോഗിക അന്ത്യമെന്നും അമേരിക്കയെ പേടിപ്പിക്കാമെന്ന് ഒരിക്കലും കരുതേണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇറാനുമായി യുദ്ധത്തിനില്ലെന്ന് അമേരിക്കൻ വിദേശ സെക്രട്ടറി മൈക് പൊംപേയോ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ ട്വീറ്റ്. 

ഇറാൻ ഒരു സാധാരണ രാജ്യത്തെ പോലെ പെരുമാറണം. അമേരിക്കൻ താത്പര്യങ്ങൾ ആക്രമിക്കപ്പെട്ടാൽ പ്രതികരിക്കുമെന്നും പൊംപേയോ വ്യക്തമാക്കി. ഇരു രാജ്യങ്ങൾക്കുമിടയിൽ അസ്വാരസ്യങ്ങൾ കൂടുന്നതിനടെ റഷ്യയിൽ വെച്ചാണ് വിദേശകാര്യ സെക്രട്ടറിയുടെ പ്രതികരണം. അമേരിക്കയുമായി യുദ്ധത്തിനില്ലെന്ന് ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ വാരമാണ് ഇറാൻ തീരത്തേക്ക് അമേരിക്ക സൈനിക വ്യൂഹത്തെ അയച്ചത്.  

ഇറാനെ ലക്ഷ്യമിട്ട് മിസൈല്‍ വേധ യുദ്ധക്കപ്പലായ യുഎസ്എസ് അര്‍ലിങ്ടണാണ് അമേരിക്ക അയച്ചത്. അതിനൂതനമായ പാട്രിയോട്ട് മിസൈലുകളും വിന്യസിക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.  2015ല്‍ അമേരിക്കയും ഇറാനും ഇതര രാജ്യങ്ങളും തമ്മിലുള്ള കരാറില്‍നിന്ന് ഡൊണാള്‍ഡ് ട്രംപ് പിന്മാറിയതിന് ശേഷമാണ് ഇറാനെ ലക്ഷ്യമാക്കി അമേരിക്ക നീക്കം തുടങ്ങിയത്. എന്നാൽ അമേരിക്കയെ ഞെട്ടിച്ച് ഇറാൻ വ്യോമസേനയുടെ വിമാനങ്ങൾ ഈ യുദ്ധക്കപ്പലിന് തൊട്ടുമുകളിലൂടെ പറന്നത് അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്.

കരാര്‍ റദ്ദാക്കിയതിന് ശേഷം അമേരിക്ക ഇറാനുമേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനിലെ റവല്യൂഷനറി ഗാര്‍ഡിനെ യുഎസ് അന്താരാഷ്ട്ര തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തിയതും ബന്ധം വഷളാകാന്‍ കാരണമായി.

Follow Us:
Download App:
  • android
  • ios