വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ വെച്ച് റഷ്യൻ പതാകയുള്ള മരിനീര കപ്പൽ അമേരിക്ക പിടിച്ചെടുത്തു. മൂന്ന് ഇന്ത്യക്കാരടക്കം 28 നാവികരെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ, ഇത് കടൽക്കൊള്ളയാണെന്നും ആണവായുധം പ്രയോഗിക്കാൻ പോലും നിയമം അനുവദിക്കുന്നുണ്ടെന്നും റഷ്യ

ദില്ലി: വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലൂടെ പോയ റഷ്യൻ പതാകയുള്ള മരിനീര കപ്പൽ അമേരിക്ക പിടിച്ചെടുത്തു. മൂന്ന് ഇന്ത്യൻ നാവികരടക്കം 28 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെ എല്ലാവരെയും അമേരിക്ക കസ്റ്റഡിയിലെടുത്തു. ഇവർക്കെല്ലാവർക്കും മാന്യവും മനുഷ്യത്വപരവുമായ പരിഗണന നൽകണമെന്ന് റഷ്യ ആവശ്യപ്പെട്ടു. രാജ്യത്തിൻ്റെ പതാകയുള്ള കപ്പൽ പിടിച്ച നടപടി റഷ്യക്കെതിരായ ആക്രമണമായി കണക്കാക്കാവുന്നതാണെന്നും ആണവായുധം പ്രയോഗിക്കാവുന്ന സാഹചര്യമെന്നുമടക്കം റഷ്യയുടെ ഭാഗത്ത് നിന്ന് പ്രതികരണം വന്നിട്ടുണ്ട്.

ബന്ദികളാക്കപ്പെട്ട നാവികരിൽ 17 പേർ യുക്രൈനിൽ നിന്നുള്ളവരാണ്. ആറ് പേർ ജോർജിയയിൽ നിന്നും രണ്ട് പേർ റഷ്യൻ പൗരന്മാരുമാണ്. ഇവരെ എപ്പോൾ മോചിപ്പിക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടില്ല. റഷ്യൻ പതാക കണ്ടാണ് കപ്പൽ പിടിച്ചെടുത്തത്. ഇത് എണ്ണക്കപ്പലെന്നാണ് പുറത്തുവരുന്ന വിവരം. യുഎസ് കോസ്റ്റ് ഗാർഡും യുഎസ് നേവിയും ചേർന്നാണ് കപ്പൽ പിടിച്ചെടുത്തത്.

ഇത് കടൽക്കൊള്ളയെന്നാണ് റഷ്യ പ്രതികരിച്ചത്. റഷ്യൻ പതാകയുള്ള കപ്പൽ അകാരണമായി പിടിച്ചെടുക്കുന്നത് റഷ്യയെ ആക്രമിക്കുന്നതിന് തുല്യമാണ്. ഇത്തരം സാഹചര്യത്തിൽ മറുപടിയായി ആണവായുധം ഉപയോഗിക്കാൻ പോലും റഷ്യയിലെ സൈനിക നിയമം അനുവദിക്കുന്നുണ്ടെന്നാണ് റഷ്യയിലെ പ്രതിരോധ വിഭാഗത്തിലെ പ്രധാന ചുമതലക്കാരനും എംപിയുമായ അലക്‌സി ഷുറാവ്ലേവ് പ്രതികരിച്ചത്.