സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി ടിക് ടോക് താരം സ്റ്റീഫൻ ഹാർമൻ ടെക്സസിലെ ഒരു ടാർഗെറ്റ് സ്റ്റോറിനുള്ളിൽ കുതിരപ്പുറത്ത് സവാരി നടത്തി. കുതിര സ്റ്റോറിനുള്ളിൽ മലമൂത്ര വിസർജ്ജനം നടത്തിയതോടെ ജീവനക്കാർ ഇയാളെ പുറത്താക്കി.
ടെക്സസ്: സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി ആളുകൾ കാട്ടിക്കൂട്ടുന്ന വിചിത്രമായ പ്രവർത്തികൾ പലപ്പോഴും അതിരുകടക്കാറുണ്ട്. അത്തരത്തിലൊന്നാണ് അമേരിക്കയിലെ ഒരു ടാർഗെറ്റ് സ്റ്റോറിൽ അരങ്ങേറിയത്. സാധനങ്ങൾ വാങ്ങാനെത്തിയ ഉപഭോക്താക്കളെ അമ്പരപ്പിച്ചുകൊണ്ട് ഒരാൾ കുതിരപ്പുറത്ത് സ്റ്റോറിനുള്ളിലൂടെ സവാരി നടത്തുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. പ്രശസ്ത ടിക് ടോക് താരം സ്റ്റീഫൻ ഹാർമൻ ആണ് തന്റെ കുതിരയുമായി ടാർഗെറ്റ് സ്റ്റോറിലേക്ക് അതിക്രമിച്ചു കയറിയത്. തന്റെ സുഹൃത്തിനൊപ്പമാണ് ഇയാൾ ഈ സാഹസത്തിന് മുതിർന്നത്. സ്റ്റോറിലെ ഷെൽഫുകൾക്കിടയിലൂടെ കുതിരയെ ഓടിക്കുന്നത് കണ്ട് ചിലർ അത്ഭുതപ്പെട്ടപ്പോൾ മറ്റുചിലർ രോഷാകുലരായി. ഇതിനിടയിൽ ഒരു ഉപഭോക്താവ് കുതിരയെ താലോലിക്കുന്നതും വീഡിയോയിൽ കാണാം.
കുതിര സ്റ്റോറിനുള്ളിലൂടെ ഒരു വട്ടം കറങ്ങി വന്നതിന് ശേഷമായിരുന്നു അവിശ്വസനീയമായ സംഭവങ്ങൾ അരങ്ങേറിയത്. കുതിര സ്റ്റോറിന്റെ തറയിൽ പലതവണ മലമൂത്ര വിസർജ്ജനം നടത്തി. ഇതോടെ ഷോപ്പിംഗ് മാളിനുള്ളിൽ ആകെ ദുര്‍ഗന്ധവും മോശം അവസ്ഥയുമായി. "നിങ്ങൾ എന്താണ് ഈ ചെയ്യുന്നത്? കുതിരയുമായി ഉടൻ പുറത്തുപോകൂ" എന്ന് ജീവനക്കാർ ആക്രോശിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ഏകദേശം രണ്ട് മിനിറ്റോളം നീണ്ടുനിന്ന സവാരിക്ക് ശേഷം സെക്യൂരിറ്റി ജീവനക്കാർ എത്തിയാണ് ഹാർമനെ പുറത്താക്കിയത്.
സോഷ്യൽ മീഡിയയിൽ പരിഹാസവും വിമർശനവും
ജനുവരി 6-ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. നെറ്റിസൺസ് സമ്മിശ്ര പ്രതികരണങ്ങളാണ് നൽകുന്നത്. 'കാഴ്ചക്കാര്‍ക്കും ലൈക്കിനും വേണ്ടി ആളുകൾ എന്ത് വൃത്തികേടും ചെയ്യും. അവിടെ ജോലി ചെയ്യുന്ന പാവം ജീവനക്കാരുടെ അവസ്ഥ ആലോചിച്ചു നോക്കൂ, എന്ന് ചിലര്‍ പറഞ്ഞപ്പോൾ, കുതിര സ്റ്റാഫിനോട് ഹായ് പറയാൻ വന്നതാകും, ടെക്സസിലെ ഒരു സാധാരണ ദിവസം എന്ന് തമാശരൂപേണ പ്രതികരിച്ചവരുമുണ്ട്. ഇത്തരത്തിൽ വന്യമൃഗങ്ങളെയും മറ്റ് ജീവികളെയും പൊതുയിടങ്ങളിൽ കൊണ്ടുവരുന്നത് സുരക്ഷാ ഭീഷണിയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. സമാനമായ 13-ഓളം സംഭവങ്ങൾ അടുത്തിടെ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


