കാബിനറ്റ് യോഗത്തിനിടെയാണ് വിദേശികൾക്കെതിരായ വെറുപ്പ് പ്രചരിപ്പിക്കുന്ന രീതിയിലുള്ള പരാമ‍ർശം ഡൊണാൾ‍ഡ് ട്രംപ് നടത്തിയത്.

വാഷിംഗ്ടൺ: മിനസോട്ടയിലെ സൊമാലിയക്കാർക്കെതിരെ രൂക്ഷ പരാമ‍ർശവുമായി അമേരിക്കയുടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൊമാലിയയിൽ നിന്നുള്ള കുടിയേറ്റക്കാരെ ചവറ് എന്നാണ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച വിളിച്ചത്. സൊമാലിയക്കാർക്കെതിരെ ഭരണകൂടം കുടിയേറ്റ നടപടികൾ വ‍ർദ്ധിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും ഇവരെ നാട്ടിലേക്ക് തിരിച്ചയയ്ക്കണമെന്നുമാണ് ഡൊണാൾഡ് ട്രംപ് വിശദമാക്കിയത്. കാബിനറ്റ് യോഗത്തിനിടെയാണ് വിദേശികൾക്കെതിരായ വെറുപ്പ് പ്രചരിപ്പിക്കുന്ന രീതിയിലുള്ള പരാമ‍ർശം ഡൊണാൾ‍ഡ് ട്രംപ് നടത്തിയത്. സൊമാലിയയിൽ നിന്ന് കുടിയേറി അമേരിക്കൻ പൗരനായ ഡെമോക്രാറ്റ് കോൺഗ്രസ് പ്രതിനിധിയായ ഇൽഹാൻ ഒമറിനെതിരെയും ട്രംപ് രൂക്ഷ വിമർശനമാണ് നടത്തിയത്. സൊമാലിയ നാറുന്നുവെന്നും അംഗീകരിക്കാവുന്ന കാര്യമല്ലെന്നുമാണ് ട്രംപ് വിമർശിച്ചത്. അമേരിക്കയ്ക്കായി അവർ ഒന്നും ചെയ്യുന്നില്ല. സത്യസന്ധമായി പറയുകയാണെങ്കിൽ അവരെ നമ്മുടെ രാജ്യത്ത് വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, രാജ്യത്തേക്ക് ചവറുകൾ സ്വീകരിക്കുന്നത് തുടരുകയാണെങ്കിൽ നമ്മൾ തീർച്ചയായും തെറ്റായ ദിശയിലാണ് പോവുന്നത് എന്നാണ് ട്രംപ് ക്യാബിനറ്റ് യോഗത്തിൽ സംസാരിച്ചത്. ഒമറിനെ ചവർ എന്നാണ് ട്രംപ് വിളിച്ചത്. സൊമാലിയക്കാർ ഒന്നും ചെയ്യാതെ പരാതി പറയുക മാത്രമാണ് ചെയ്യുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

നരകത്തിൽ നിന്ന് വന്നവ‍ർക്ക് ചെയ്യാനുള്ളത് മോശം കാര്യം മാത്രമെന്ന് ട്രംപ് 

അവർ വരുന്നയിടത്ത് അവർക്ക് ഒന്നുമില്ല. എന്നിട്ടും അവർ പരാതിപ്പെടുന്നത് തുടരുകയാണ്. നരകത്തിൽ നിന്ന് വന്ന അവർക്ക് മോശം കാര്യങ്ങളേ ചെയ്യാനുള്ളു. അവരെ നമ്മുടെ രാജ്യത്തിന് വേണ്ട. അവർ വന്ന സ്ഥലത്തേക്ക് പോയി പ്രശ്നങ്ങൾ പരിഹരിക്കട്ടെയെന്നാണ് ട്രംപ് പറഞ്ഞത്. സൊമാലി വിഭാഗക്കാർ താമസിക്കുന്ന മിനെ പോളിസ് സെന്റ് പോൾ മെട്രോ ഭാഗത്ത് നാട് കടത്തൽ നടപടികൾ ഊർജ്ജിതമായതായാണ് ന്യൂയോർക്ക് ടൈംസ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്. അന്തിമ നാട് കടത്തൽ ഉത്തരവ് ലഭിച്ചവരെ ഈ ആഴ്ച തന്നെ തിരിച്ചയയ്ക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ഐസിഇ ഏജന്റുമാരും ഫെഡറൽ ഉദ്യോഗസ്ഥരും ഇത്തരം ഉത്തരവുകൾ നൽകുന്നതിൽ വ്യാപൃതരാണ്. രാജ്യത്തിന്റെ പല ഭാഗത്ത് നിന്നായി 100ഓളെ ഏജന്റുമാരെയാണ് ഇതിനായി മേഖലയിൽ വിനിയോഗിച്ചിട്ടുള്ളത്. സൊമാലി വംശജർ വഞ്ചനാ കേസുകളിലും തട്ടിപ്പ് കേസുകളിലും പതിവായി പ്രതികളായി തുടങ്ങിയതിന് പിന്നാലെ സൊമാലിയക്കാർക്കുള്ള താൽക്കാലിക നാടുകടത്തൽ സംരക്ഷണം ട്രംപ് അവസാനിപ്പിച്ചിരുന്നു.

വീടുകളുടെ വിഷയത്തിലും ഭക്ഷണ, മെഡിക്കൽ സൗകര്യങ്ങളും വലിയ രീതിയിൽ തട്ടിപ്പ് കാണിച്ച് സൊമാലിയക്കാർ സ്വന്തമാക്കുന്നതായും ആരോപണം ശക്തമായിരുന്നു. പണം തട്ടിപ്പ് മേഖലയായി സൊമാലിയക്കാർ മിനസോട്ടയെ മാറ്റിയെന്നാണ് ട്രംപ് ആരോപിക്കുന്നത്. ടാക്സ് മുഖേന ലഭിക്കുന്ന പണം തീവ്രവാദ സംഘടനയായ അൽ ഷബാബിലേക്ക് എത്തുന്നതായി തീവ്ര വലതുപക്ഷ വിഭാഗങ്ങൾ ആരോപിച്ചിരുന്നു. അമേരിക്കയിൽ ഏറ്റവുമധികം സൊമാലിയൻ വംശജരുള്ള മേഖലയാണ് മിനെപോളിസ്. 80000ത്തോളം സൊമാലി വംശജരാണ് ഇവിടെ താമസിക്കുന്നത്. ഇതിൽ ഏറിയ പങ്കും യുഎസ് പൗരന്മാരും നിയമാനുസൃതമായി താമസിക്കുന്നവരുമാണെന്നാണ് മിനെപോളിസ് മേയർ ജേക്കബ് ഫ്രേ വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം