യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര ചർച്ചകളിൽ പുരോഗതിയില്ലാത്തതിനാൽ ജൂൺ 1 മുതൽ 50% ഇറക്കുമതി തീരുവ ചുമത്തുമെന്ന് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. ട്രംപിന്റെ ഈ പ്രഖ്യാപനത്തെത്തുടർന്ന് യുഎസ്, യൂറോപ്യൻ ഓഹരി വിപണികളിൽ വലിയ ഇടിവ് രേഖപ്പെടുത്തി.

വാഷിംഗ്ടൺ: യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര ചർച്ചകളിൽ ഒരു പുരോഗതിയുമില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ചർച്ചകളിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിൽ തീരുവ ചുമത്തലുമായി മുന്നോട്ട് പോകുമെന്നും ട്രംപ് വ്യക്തമാക്കി. ജൂൺ ഒന്ന് മുതൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കെതിരെ 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി. ജൂൺ 1 മുതൽ പുതിയ ഇറക്കുമതി തീരുവകൾ വർധിക്കുമെന്ന് ട്രംപ്, ട്രൂത്ത് സോഷ്യലിൽ കുറിക്കുകയും ചെയ്തു.

യൂറോപ്യൻ യൂണിയനുമായുള്ള ചർച്ച കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരുന്നു. 27 രാജ്യങ്ങളുള്ള കൂട്ടായ്മയായ യുറോപ്യൻ യൂണിയനുമായുള്ള ഞങ്ങളുടെ ചർച്ചകൾ എങ്ങുമെത്തുന്നില്ല. ഈ സാഹചര്യത്തിൽ ഇറക്കുമതി തീരുവയുമായി മുന്നോട്ട് പോകാനാണ് തീരുമാമെന്നും യുറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ ജൂൺ 1 മുതൽ ഏർപ്പെടുത്തുമെന്നും പ്രസിഡന്‍റ് ട്രംപ് വ്യക്തമാക്കി. ട്രംപിന്‍റെ പുതിയ ഭീഷണിക്ക് പിന്നാലെ യു എസ് സ്റ്റോക്ക് മാർക്കറ്റ് കുത്തനെ ഇടിഞ്ഞു. യൂറോപ്യൻ ഓഹരി വിപണികളിലും വലിയ നഷ്ടമാണ് കാണുന്നത്. യൂറോപ്യൻ ഓഹരി വിപണി രണ്ട് ശതമാനത്തിലേറെ ഒറ്റയടിക്ക് ഇടിഞ്ഞതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

അതേസമയം ഇന്ത്യയിലെ ഐ ഫോണ്‍ നിര്‍മ്മാണത്തിൽ താൻ നൽകിയ മുന്നറിയിപ്പ് അവഗണിച്ച ആപ്പിൾ കമ്പനിക്ക് പുതിയ ഭീഷണിയുമായും ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ഇക്കുറി താരീഫ് ഭീഷണിയെന്ന കാർഡുമായാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിലെന്നല്ല അമേരിക്കക്ക് പുറത്ത്, ലോകത്തെ ഏത് രാജ്യത്തായാലും ഐ ഫോൺ നിർമ്മാണം നടത്തിയാൽ 25 ശതമാനം താരീഫ് ചുമത്തുമെന്നാണ് ട്രംപിന്‍റെ ഭീഷണി. അമേരിക്കക്ക് പുറത്ത് നിർമ്മിച്ച ഫോണുകൾ അമേരിക്കയില്‍ വിൽപ്പന നടത്തണമെങ്കിൽ 25 ശതമാനം താരിഫ് നൽകേണ്ടിവരുമെന്നാണ് ട്രൂത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ട്രംപ് വിശദീകരിച്ചിരിക്കുന്നത്. അമേരിക്കയിൽ വില്‍ക്കുന്ന ഫോണുകള്‍ തദ്ദേശീയമായി നിര്‍മിച്ചതായിരിക്കണമെന്നും പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ നിർമാണ യൂണിറ്റ് ആരംഭിക്കാനുള്ള ആപ്പിളിന്റെ തീരുമാനത്തിനെതിരെയുള്ള കഴിഞ്ഞ ആഴ്ചയാണ് യു എസ് പ്രസിഡന്റ് ആദ്യം രംഗത്തെത്തിയത്. ഖത്തറിലെ ദോഹയിൽ നടന്ന ഒരു ബിസിനസ് പരിപാടിയിൽ ഡോണൾഡ് ട്രംപ്, ആപ്പിൾ സി ഇ ഒ ടിം കുക്കിനോട് ഇക്കാര്യത്തിലെ എതിർപ്പ് പരസ്യമായി പ്രകടിപ്പിക്കുകയായിരുന്നു. ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിനെതിരെ ട്രംപ് മുന്നറിയിപ്പും നൽകിയിരുന്നു. ആപ്പിൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിൽ തനിക്ക് താൽപര്യമില്ലെന്ന് തന്നെ ആപ്പിൾ സി ഇ ഒയോട് ട്രംപ് പരസ്യമായി പറഞ്ഞു. ഇന്ത്യയുടെ കാര്യം ഇന്ത്യ നോക്കിക്കോളുമെന്നും അമേരിക്കയിലായിരിക്കണം നിർമാണം നടത്തേണ്ടതെന്നും പ്രസിഡന്‍റ് ആവശ്യപ്പെട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം