ഇറാനിലെ പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ ആരുടെ ഭാഗത്താണ് പിഴവെന്ന് കണ്ടെത്താനായേക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആക്രമണത്തിന് പിന്നിൽ അമേരിക്കയല്ലെന്ന് അദ്ദേഹം അവകാശപ്പെട്ടെങ്കിലും, പഴയ ടാർഗെറ്റിംഗ് ഡാറ്റയിലെ പിഴവാണ് ദുരന്തത്തിന് കാരണമെന്ന് റിപ്പോർട്ടുകളുണ്ട്.  

വാഷിംഗ്ടൺ: ഇക്കഴിഞ്ഞ ഫെബ്രുവരി 28-ന് ഇറാൻ യുദ്ധത്തിന്റെ ആദ്യദിനത്തിൽ പെൺകുട്ടികളുടെ സ്കൂളിന് നേരെ നടന്ന വ്യോമാക്രമണത്തിൽ ആരുടെ ഭാഗത്താണ് പിഴവുണ്ടായതെന്ന് ഒരിക്കലും കണ്ടെത്താനായേക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബുധനാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. ‘ആരുടെ പിഴവാണ് ഇതെന്ന കാര്യത്തിൽ അവർ ഈ പ്രശ്നം എപ്പോഴെങ്കിലും പരിഹരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ആ സമയത്ത് എല്ലാ ഭാഗത്തുനിന്നും മിസൈലുകൾ പറക്കുന്നുണ്ടായിരുന്നു. അവിടെ സംഭവിച്ചത് ഭയാനകമായ കാര്യമാണ്, എന്നാൽ എല്ലാ ഭാഗത്തുനിന്നും മിസൈൽ ആക്രമണങ്ങൾ നടക്കുന്നുണ്ടായിരുന്നു’- ട്രംപ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആക്രമണത്തിന് പിന്നിൽ അമേരിക്കയാണെന്ന ആരോപണങ്ങളെ അദ്ദേഹം തള്ളിപ്പറഞ്ഞു. ‘അത് ഞങ്ങളുടെ മിസൈലാണെന്ന് ആരോ പറഞ്ഞു, ഒരുപക്ഷേ അത് ഞങ്ങളുടേതായിരിക്കില്ല. അത് യുഎസിന്റെ മിസൈലാണെന്ന് വിശ്വസിക്കാൻ തക്കതായ ഒന്നും ഞാൻ കണ്ടിട്ടില്ല. അത് നമ്മൾ ചെയ്തതാണെന്ന് ഞാൻ കരുതുന്നില്ല,’- ട്രംപ് കൂട്ടിച്ചേർത്തു.

ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ ആക്രമണം നടത്തിയപ്പോഴാണ് തെക്കൻ ഇറാനിലെ മിനാബിലുള്ള പെൺകുട്ടികളുടെ സ്കൂളിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ കുട്ടികളും അധ്യാപകരും ഉൾപ്പെടെ 175-ലധികം പേർ കൊല്ലപ്പെട്ടതായി ഇറാൻ അധികൃതർ സ്ഥിരീകരിച്ചിരുന്നു.

യുഎസ് സൈന്യത്തിന്റെ കൈവശമുണ്ടായിരുന്ന പഴയ ടാർഗെറ്റിംഗ് ഡാറ്റ ഉപയോഗിച്ചതിലെ പിഴവാണ് ദുരന്തത്തിന് കാരണമായതെന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം ഒരു വിദ്യാലയത്തിന് നേരെ ബോധപൂർവ്വം ആക്രമണം നടത്തുന്നത് യുദ്ധക്കുറ്റമാണ്. എന്നാൽ വാഷിംഗ്ടൺ ഒരിക്കലും ബോധപൂർവ്വം ഒരു സ്കൂളിനെ ലക്ഷ്യമിടില്ലെന്ന് യുഎസ് ഉദ്യോഗസ്ഥർ പരസ്യമായി വ്യക്തമാക്കി.

സ്കൂളിന് നേരെയുണ്ടായ ആക്രമണം ആഗോളതലത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം ഈ സംഭവത്തെ 'തികച്ചും ഭയാനകം' എന്നാണ് വിശേഷിപ്പിച്ചത്. ആക്രമണം നടന്ന സമയത്ത്, യാതൊരു തെളിവുകളുമില്ലാതെ ദുരന്തത്തിന്‍റെ ഉത്തരവാദിത്തം ഇറാന്റെ മേൽ ചുമത്താനാണ് ട്രംപ് ആദ്യം ശ്രമിച്ചത്. എന്നാൽ ഇപ്പോൾ, ഈ ആക്രമണത്തെക്കുറിച്ച് തനിക്ക് കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കുന്നു. അന്വേഷണ റിപ്പോർട്ട് എന്തായാലും അത് അംഗീകരിക്കുമെന്നും ആരും ബോധപൂർവ്വം സ്കൂൾ ആക്രമിച്ചിട്ടില്ലെന്നുമാണ് ട്രംപിന്റെ പുതിയ നിലപാട്. ഈ സംഭവത്തെക്കുറിച്ചുള്ള യുഎസ് സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണം നിലവിൽ പെന്റഗൺ കൂടുതൽ വിപുലമാക്കിയിട്ടുണ്ടെങ്കിലും പ്രാഥമിക കണ്ടെത്തലുകളൊന്നും ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.