'അവർ ഇവിടെ പഠിക്കുന്നു, ഇന്ത്യയിലേക്ക് പോകുന്നു, കോടീശ്വരന്മാരാകുന്നു'; കുടിയേറ്റത്തിൽ നിലപാട് മാറ്റി ട്രംപ്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻ്റർനാഷണൽ എഡ്യൂക്കേഷൻ്റെ ഏറ്റവും പുതിയ വാർഷിക ഓപ്പൺ ഡോർസ് റിപ്പോർട്ട് അനുസരിച്ച് 2022-23 അധ്യയന വർഷത്തിൽ ഒരു ദശലക്ഷത്തിലധികം അന്തർദ്ദേശീയ വിദ്യാർഥികൾ യുഎസ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നുണ്ട്.

Donald Trump ease his stand On Green Cards For Graduates

വാഷിംഗ്ടൺ: കുടിയേറ്റ വിഷയത്തിൽ തൻ്റെ നിലപാട് മയപ്പെടുത്തി മുൻ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ്.  യുഎസ് കോളേജുകളിൽ നിന്ന് ബിരുദം നേടുന്ന വിദേശ വിദ്യാർത്ഥികൾക്ക് അവരുടെ മാതൃ രാജ്യങ്ങളിലേക്ക് മടങ്ങുന്നത് തടയാൻ ഓട്ടോമാറ്റിക് ഗ്രീൻ കാർഡ് നൽകുമെന്ന് മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്  പറഞ്ഞു. നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ട്രംപിന്റെ മനംമാറ്റം. അതേസമയം, മെറിറ്റ് അടിസ്ഥാനമാക്കിയുള്ള നിയമപരമായ ഇമിഗ്രേഷൻ സംവിധാനത്തെ പിന്തുണക്കുന്നതായും ട്രംപ് പറഞ്ഞു.

അമേരിക്കയിൽ സ്ഥിരതാമസത്തിനുള്ള അനുമതിയാണ് ഗ്രീൻ കാർഡ്. അമേരിക്കയിൽ വന്ന് ബിരുദം നേടിയ ശേഷം ഇന്ത്യയിലേക്കും ചൈനയിലേക്കും മടങ്ങുന്നവർ അവരുടെ രാജ്യത്ത് സംരംഭങ്ങൾ തുടങ്ങി കോടീശ്വരന്മാരാകുകയും ആയിരങ്ങൾക്ക് തൊഴിൽ നൽകുകയും ചെയ്യുകയാണെന്ന് ട്രംപ് പറഞ്ഞു.  ഹാർവാർഡിലെയും എംഐടി തുടങ്ങി ഏറ്റവും വലിയ സ്‌കൂളുകളിൽ നിന്ന് ആളുകളെ നഷ്‌ടപ്പെടുമ്പോൾ അത് വളരെ സങ്കടകരമാണ്. സയൻസ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, കണക്ക് മേഖലയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് ബിരുദം നേടുന്നവർക്ക് ഈ രാജ്യത്ത് തുടരാൻ കഴിയണമെന്നും ട്രംപ് പറഞ്ഞു.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻ്റർനാഷണൽ എഡ്യൂക്കേഷൻ്റെ ഏറ്റവും പുതിയ വാർഷിക ഓപ്പൺ ഡോർസ് റിപ്പോർട്ട് അനുസരിച്ച് 2022-23 അധ്യയന വർഷത്തിൽ ഒരു ദശലക്ഷത്തിലധികം അന്തർദ്ദേശീയ വിദ്യാർഥികൾ യുഎസ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നുണ്ട്. ചൈനയാണ് മുന്നിൽ. 289,526 ചൈനീസ് വിദ്യാർഥികളാണ് യുഎസിൽ പഠിക്കുന്നത്. ഇന്ത്യയുടെ സ്ഥാനം രണ്ടാമതാണ്. 2022-23 ൽ 268,923 ഇന്ത്യൻ വിദ്യാർഥികൾ യുഎസിൽ പഠിക്കുന്നു. 

ട്രംപിൻ്റെ ഏറ്റവും പുതിയ നിലപാട് അദ്ദേഹം അധികാരത്തിലിരിക്കുമ്പോൾ സ്വീകരിച്ച കുടിയേറ്റ നയത്തിൽ നിന്ന് വ്യത്യസ്‌തമാണെന്ന് ന്യൂയോർക്ക് ടൈംസ് പറഞ്ഞു. കുടുംബാധിഷ്ഠിത കുടിയേറ്റം കുറയ്ക്കുന്നതിനും തൊഴിൽ വൈദഗ്ധ്യമുള്ളവരോ ഉയർന്ന വിദ്യാഭ്യാസമുള്ളവരോ ആയ സമ്പന്നരായ കുടിയേറ്റക്കാർക്ക് മുൻഗണന നൽകുന്നതിന് രാജ്യത്തിൻ്റെ ഇമിഗ്രേഷൻ സമ്പ്രദായം പരിഷ്കരിക്കാൻ ട്രംപ് ശ്രമിച്ചിരുന്നു.

Read More... 'സാധാരണക്കാരന് ഇടമില്ല', വിനോദ സഞ്ചാരികൾക്ക് അപാർട്ട്മെന്റുകൾ വാടകയ്ക്ക് നൽകുന്നതിന് വിലക്കുമായി ബാർസിലോണ

പ്രസിഡൻ്റായിരുന്ന കാലത്ത്, ട്രംപിൻ്റെ ഇമിഗ്രേഷൻ അജണ്ടയിൽ ഗ്രീൻ കാർഡ്, വിസ പ്രോഗ്രാമുകൾ, അഭയാർത്ഥികളെ പുനരധിവസിപ്പിക്കൽ, മറ്റ് നിയമപരമായ കുടിയേറ്റം എന്നിവയിൽ നിയന്ത്രണങ്ങൾ ഉൾപ്പെടുത്തി. തുടർന്ന് അമേരിക്കയിൽ പ്രവേശിക്കുന്ന നിയമാനുസൃത സ്ഥിരതാമസക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഏഴ് മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചുകൊണ്ടാണ് അദ്ദേഹം തൻ്റെ ഭരണം ആരംഭിച്ചത്. പിന്നീട് നിയമപരമായ കുടിയേറ്റം പകുതിയായി കുറയ്ക്കാനുള്ള നിർദ്ദേശം സ്വീകരിച്ചു.  H-1B വിസ പ്രോഗ്രാമിനെ ട്രംപ് എതിർത്തു.  

Latest Videos
Follow Us:
Download App:
  • android
  • ios