അത്ര സാമർത്ഥ്യമുള്ള ആളല്ല മത്സരിക്കുന്നത്. മംദാനിക്ക് മുന്നിൽ സെനറ്റർ ചക്ക് ഷുമർ കുമ്പിടുകയാണ്.' ട്രംപ് ആക്ഷേപിച്ചു.

ന്യൂയോർക്ക്: ന്യൂയോർക്ക് മേയർ സ്ഥാനാർഥിയായ ഇന്ത്യൻ വംശജനെതിരെ അധിക്ഷേപ പരാമർശവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർഥിയാകാനുള്ള ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിലെ തിരഞ്ഞെടുപ്പ് വിജയിച്ച ഇന്ത്യൻ വംശജൻ സൊഹ്​റാൻ മംദാനിക്കെതിരെയാണ് ട്രംപിന്‍റെ അധിക്ഷേപം. 100 ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തനാണ് മംദാനി. കാണാൻ ഭയാനകനായ മംദാനിയുടെ ശബ്ദം അരോചകമാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.

'ഡെമോക്രാറ്റുകൾ അതിരുകടക്കുകയാണ്. 100 ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തനായ സൊഹ്​റാൻ മംദാനി ഡെമോക്രാറ്റിക് പ്രൈമറിയിൽ വിജയിച്ച് മേയറാകാനൊരുങ്ങുകയാണ്. മുമ്പ് റാഡിക്കൽ ഇടതുപക്ഷക്കാർ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത് അൽപ്പം പരിഹാസ്യമാണ് അത്ര സാമർത്ഥ്യമുള്ള ആളല്ല മത്സരിക്കുന്നത്. മംദാനിക്ക് മുന്നിൽ സെനറ്റർ ചക്ക് ഷുമർ കുമ്പിടുകയാണ്.' ട്രംപ് ആക്ഷേപിച്ചു.

കഴിഞ്ഞ ദിവസമാണ് 33കാരനായ സോഹ്‌റാൻ മംദാനി മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് പ്രൈമറി മത്സരത്തിൽ വിജയിച്ച് ന്യൂയോർക്ക് മേയറാകാൻ യോഗ്യത നേടിയത്. ഇന്ത്യൻ വംശജരായ ചലച്ചിത്ര നിർമ്മാതാവ് മീര നായർ, അക്കാദമിക് പ്രവർത്തകൻ മഹ്മൂദ് മംദാനി എന്നിവരുടെ മകനായി ജനിച്ച മംദാനി, ഈ വർഷം അവസാനം നടക്കുന്ന തെരഞ്ഞെടുപ്പിൽ ന്യൂയോർക്ക് മേയർ സ്ഥാനത്തേക്ക് മത്സരിക്കും. മഹ്മൂദ് മംദാനിതെരഞ്ഞെടുക്കപ്പെട്ടാൽ ആദ്യത്തെ മുസ്ലീം മേയറും, ആദ്യത്തെ ഇന്ത്യൻ അമേരിക്കൻ മേയറും ആകും.

ജനാധിപത്യ സോഷ്യലിസ്റ്റായി വിശേഷിപ്പിക്കുന്ന മംദാനി, താങ്ങാനാവുന്ന വിലയിലുള്ള ഭവന നിർമ്മാണം, സർക്കാർ നടത്തുന്ന പലചരക്ക് സ്റ്റോറികൾ, വിലകുറഞ്ഞ പൊതുഗതാഗതം, ജീവിതച്ചെലവ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികൾ എന്നിവയ്ക്കായി വാദിച്ചു. പ്രധാന കോർപ്പറേഷനുകൾക്കും അതിസമ്പന്നർക്കും ഉയർന്ന നികുതി ചുമത്തുമെന്ന് അദ്ദേഹം പറഞ്ഞു.