റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ യുക്രൈൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. റഷ്യയ്ക്ക് മേൽക്കൈ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, റഷ്യൻ സൈന്യം യുക്രൈൻ്റെ വലിയൊരു ഭൂപ്രദേശം പിടിച്ചെടുത്തിട്ടുണ്ടെന്നും പറഞ്ഞു.
വാഷിങ്ടൺ: റഷ്യയുമായുള്ള യുദ്ധം ഒത്തുതീർപ്പാക്കാൻ യുക്രൈൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. സംഘർഷത്തിൽ റഷ്യയ്ക്ക് മേൽക്കൈ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിൻ്റെ പ്രതികരണം. റഷ്യയുടെ സൈനിക ശേഷിയും അവർ പിടിച്ചെടുത്ത പ്രദേശങ്ങളും യുക്രൈനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. റഷ്യ - യുക്രൈൻ സംഘർഷം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റീവ് വിറ്റ്കോഫിൻ്റെ നേതൃത്വത്തിലുള്ള യുഎസ് പ്രതിനിധി സംഘം ചൊവ്വാഴ്ച നോർവേയിലെ ഓസ്ലോയിൽ വെച്ച് യുക്രൈൻ പ്രസിഡൻ്റ് വോളോഡിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയതിനിടെ ആണ് ട്രംപിൻ്റെ പ്രതികരണം.
റഷ്യൻ സൈന്യത്തെ ഒരു വലിയ യന്ത്രത്തോടാണ് ട്രംപ് ഉപമിച്ചത്. "റഷ്യ ഒരു വലിയ യന്ത്രമാണ്. അവർ മുന്നോട്ട് കുതിച്ചുകൊണ്ടേയിരിക്കുന്നു. അവർ യുക്രൈൻ്റെ വലിയൊരു ഭൂപ്രദേശം ഇതിനകം തന്നെ പിടിച്ചെടുത്തിട്ടുണ്ട്"- ട്രംപ് പറഞ്ഞു. യുദ്ധരംഗത്ത് റഷ്യയ്ക്കാണ് നിലവിൽ മേൽക്കൈ ഉള്ളതെന്നും അതുകൊണ്ട് തന്നെ യുക്രൈൻ ചർച്ചകൾക്ക് തയ്യാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
യുക്രൈന് അമേരിക്ക നൽകുന്ന വൻ സാമ്പത്തിക - സൈനിക സഹായങ്ങളെ ട്രംപ് കടുത്ത ഭാഷയിൽ വിമർശിച്ചു. "നമ്മൾ യുക്രൈന് ഒരുപാട് നൽകി. എന്നാൽ തിരിച്ച് നമുക്ക് ഒന്നും ലഭിച്ചില്ല, ദുഃഖവും മരണവും വൻ സാമ്പത്തിക നഷ്ടവും മാത്രമാണ് മിച്ചം"- ട്രംപ് തുറന്നടിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും സെലൻസ്കിയും തമ്മിലുള്ള വ്യക്തിപരമായ ശത്രുത സമാധാന ചർച്ചകൾക്ക് വലിയ തടസ്സമാണെന്നും ട്രംപ് നിരീക്ഷിച്ചു.
യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി റഷ്യയ്ക്ക് മേലുള്ള സാമ്പത്തിക സമ്മർദം കുറയ്ക്കാൻ യുഎസ് ഭരണകൂടം നടപടികൾ ആരംഭിച്ചതിനിടെയാണ് ട്രംപിൻ്റെ ഏറ്റവും പുതിയ പ്രതികരണം. യുഎസിൽ ഇന്ധനവില കുറയ്ക്കുന്നതിനായി റഷ്യയുടെ സഹകരണം തേടുന്നതിന്റെ ഭാഗമായി റഷ്യക്കെതിരെയുള്ള പുതിയ ഉപരോധങ്ങളിൽ ട്രംപ് ഇളവ് വരുത്തിയിരുന്നു. എന്നാൽ ട്രംപിന്റെ പുതിയ നിലപാടുകളും റഷ്യയോടുള്ള മൃദുസമീപനവും യുഎസും യുക്രൈനും തമ്മിലുള്ള ബന്ധത്തിൽ കടുത്ത ആശങ്കകൾക്ക് കാരണമായിട്ടുണ്ട്.

