ന്യൂയോര്‍ക്ക്: ചൈനയേയും ഇറാനേയും നിശിതമായി വിമർശിച്ച് ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസംഗം. ആഗോള താൽപ്പര്യങ്ങൾ സംരക്ഷിക്കണമെങ്കിൽ ആദ്യം ദേശീയവാദികളായി മാറണമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഭാവികാലം ദേശീയവാദികളുടേതാണ്.  സ്വന്തം അതിർത്തി സംരക്ഷിക്കാൻ അമേരിക്കയ്ക്ക് അവകാശമുണ്ടെന്നും ട്രംപ് പറഞ്ഞു.

ദേശീയതയിൽ ഊന്നിയും ശത്രുക്കളോട് വിട്ടുവീഴ്ചയില്ലെന്ന സൂചന നൽകിയുമായിരുന്നു ഐക്യരാഷ്ട്രസഭ പൊതുസഭയെ ഡോണൾഡ് ട്രംപ് അഭിസംബോധന ചെയ്തത്. ചൈനയേയും ഇറാനേയും വിമർശിക്കാനാണ് പ്രസംഗത്തിന്‍റെ ഏറിയ പങ്കും വിനിയോഗിച്ചത്.  ഭാവികാലം ആഗോളവാദികളുടേതല്ല ദേശീയവാദികളുടേതാണെന്ന് ട്രംപ് പറഞ്ഞു. തുടർന്ന് അദ്ദേഹം ചൈനയുടെ ഹോങ്കോംഗ് നയത്തെ വിമര്‍ശിച്ചു. ഹോങ്കോംഗ് പ്രക്ഷോഭം അമേരിക്ക സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. ഹോങ്കോംഗിന്‍റെ സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കാൻ ചൈന തയ്യാറാകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. 

Read Also: നരേന്ദ്രമോദിയെ ഇന്ത്യയുടെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ച് ഡോണാള്‍ഡ് ട്രംപ്

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരബന്ധം സജീവമാക്കാൻ നിരവധി നികുതിയിളവുകൾ അമേരിക്ക നൽകുന്നുണ്ട്. പക്ഷേ ലോകവ്യാപാരത്തെ ചൈന ചൂഷണം ചെയ്യുകയാണെന്ന് ട്രംപ് ആരോപിച്ചു. അമേരിക്കയ്ക്ക് പേറ്റന്‍റുള്ള പല ഉത്പന്നങ്ങളും ചൈന നിർമ്മിക്കുന്നുണ്ട്. മുൻകാല പ്രസിഡന്‍റുമാരൊക്കെ അത് അവഗണിക്കുകയോ സഹിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തു. പക്ഷേ ആ കാലം കഴിഞ്ഞെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

അമേരിക്കയ്ക്ക് സ്ഥിരമായ ശത്രുക്കളില്ല. പക്ഷേ രാജ്യതാൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തുകയുമില്ല.  ഇറാൻ മതഭ്രാന്ത രാഷ്ട്രമാണ്. ഇറാനുമേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങൾ പിന്‍വലിക്കാനുള്ള എല്ലാ സാധ്യതകളേയും അവരുടെ കൈവശമുള്ള ആണവായുധങ്ങൾ ഇല്ലാതാക്കുകയാണെന്നും മെക്സിക്കൻ അതിർത്തി വഴി അമേരിക്കയിലേക്കെത്തുന്ന അഭയാർത്ഥികളോടുള്ള നിലപാടിൽ മാറ്റമില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു. കൊള്ളക്കാരേയും ചെന്നായ്ക്കളേയും പ്രോത്സാഹിപ്പിക്കില്ല, എല്ലാ രാജ്യങ്ങൾക്കുമുള്ളതുപോലെ   അതിർത്തികൾ സംരക്ഷിക്കാൻ  അമേരിക്കയ്ക്കും അവകാശം ഉണ്ട്. യുദ്ധം ആർക്കുമുണ്ടാക്കാം, സമാധനമുണ്ടാക്കാൻ ശക്തർക്കേ കഴിയൂ എന്നും  അമേരിക്ക സൈനികശേഷി വർദ്ധിപ്പിക്കുന്നത് പരാമർശിച്ച് ട്രംപ് പറഞ്ഞു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വരാനിരിക്കെ 'ആദ്യം അമേരിക്ക' എന്ന തന്‍റെ തെരഞ്ഞെടുപ്പ് നയത്തിലൂന്നി കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ ആയിരുന്നു പ്രസിഡന്‍റ് ട്രംപിന്‍റെ പൊതുസഭയിലെ പ്രസംഗം.

Read Also:ഇംപീച്ച് ചെയ്യാൻ നീക്കം; ഡെമോക്രാറ്റുകള്‍ വേട്ടയാടുന്നുവെന്ന് ഡോണൾഡ് ട്രംപ്