വാഷിംഗ്‍ടണ്‍: ട്രംപിന്‍റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവെന്ന് വൈറ്റ് ഹൗസ്. കൊവിഡ് രോഗബാധയുണ്ടോ എന്ന് പരിശോധന നടത്തിയെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. അമേരിക്കയിൽ മാത്രം കൊവിഡ് 19 ബാധിച്ച് മരിച്ചത് 50 പേരാണ്. ലോകത്താകെ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 5800 കടന്നു.  156098 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 

അതേസമയം ബ്രിട്ടനിൽ ജനിച്ച് മണിക്കൂറുകള്‍ക്കുള്ളിൽ കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ, ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് രോഗി ഈ കുഞ്ഞായി മാറി. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് കുഞ്ഞിന്‍റെ അമ്മയെ മുമ്പ് നോര്‍ത്ത് മിഡില്‍സെക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗര്‍ഭാവസ്ഥയിലോ പ്രസവ സമയത്തോ ആകാം കൊവിഡ് 19 ലക്ഷണങ്ങളുണ്ടായിരുന്ന അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് രോഗം പടര്‍ന്നതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. യുവതിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചപ്പോഴേക്കും പ്രസവം കഴിഞ്ഞിരുന്നു.