ട്രാൻസ്ജെൻ‍ഡർ വ്യക്തിത്വം തിരിച്ചറിഞ്ഞ സൈനികർ തങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ പോലും അച്ചടക്കവും  സത്യസന്ധതയും പുലർത്തില്ലെന്നും സൈന്യത്തോട് കൂറ് പുലർത്തില്ലെന്നും ട്രംപ്.

വാഷിങ്ടൺ: സൈന്യത്തിൽ നിന്ന് ട്രാൻസ്ജെൻഡറുകളെ നീക്കം ചെയ്യാനുള്ള നടപടികളുമായി അമേരിക്കൻ പ്രസിഡന്റ് ‍ഡൊണാൾഡ് ട്രംപ്. സൈന്യത്തിൽ ഉപയോ​ഗിച്ചുവരുന്ന ഭിന്നലിം​ഗ സൗഹൃദ സർവ്വനാമങ്ങൾ നീക്കം ചെയ്യാനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. ഇതിനുള്ള നടപടി സ്വീകരിച്ചതായി അദ്ദേഹം തിങ്കളാഴ്ച വ്യക്തമാക്കി.

ട്രാൻസ്ജെൻ‍ഡർ വ്യക്തിത്വം തിരിച്ചറിഞ്ഞ സൈനികർ തങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ പോലും അച്ചടക്കവും സത്യസന്ധതയും പുലർത്തില്ലെന്നും സൈന്യത്തോട് കൂറ് പുലർത്തില്ലെന്നും ട്രംപ് ആരോപിച്ചു. അവരുടെ സാന്നിധ്യം സൈന്യത്തിന് ഹാനികരമാണെന്നും വിഷയം പരിഹരിക്കാൻ പുതുക്കിയ നയം ആവശ്യമെന്നും ഡൊണാൾഡ് ട്രംപ് കൂട്ടിച്ചേർത്തു.

'ട്രാൻസ്ജെൻഡർ ഭ്രാന്ത്', ട്രാൻസ് വിഭാഗങ്ങളിലുള്ള തടവുകാർക്കെതിരെ നടപടിയുമായി ഡൊണാൾഡ് ട്രംപ്

2016 ൽ ഒബാമയുടെ ഭരണ കാലത്ത് സൈന്യത്തിലെ ട്രാൻസ്ജെൻഡർ വിലക്ക് പിൻവലിച്ചിരുന്നു. എന്നാൽ ഈ വിലക്ക് തിരികെ കൊണ്ടുവരുമെന്ന് ഡൊണാൾഡ് ട്രംപ് നേരത്തെ വാഗ്ദാനം ചെയ്തിട്ടുണ്ട്. ട്രാൻസ്ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കുമെന്നും ആണും പെണ്ണും എന്ന രണ്ട് ജെൻഡർ മാത്രമാണ് യുഎസിൽ ഉണ്ടാവുകയെന്നും ട്രംപ് അധികാരത്തിലെത്തിയപ്പോൾ തന്നെ പ്രഖ്യാപിച്ചിരുന്നു. തുടർന്നിങ്ങോട്ട് ട്രാൻസ് വിരുദ്ധ സമീപനങ്ങളാണ് അദ്ദേഹം സ്വീകരിക്കുന്നത്. ട്രംപിന്റെ ഇത്തരം നിലപാടുകൾ വലിയ ചർച്ചകൾക്കും എതിർപ്പുകൾക്കും ഇതിനോടകം തന്നെ കാരണമായിട്ടുണ്ട്.