ഇറാനെതിരായ ആക്രമണത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. സൂക്ഷിക്കുന്നത് നല്ലതാണെന്നും അല്ലാത്തപക്ഷം ഇസ്രായേൽ തനിച്ചാകുമെന്നും ട്രംപിൻ്റെ മുന്നറിയിപ്പ്.
വാഷിങ്ടൺ ഡിസി: ഇറാനെതിരായ ആക്രമണം നിർത്തിവെക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. അല്ലാത്തപക്ഷം ഇസ്രായേൽ തനിച്ചാകുമെന്ന് മുന്നറിയിപ്പ് നൽകിയതായി ട്രംപ് മാധ്യമത്തോട് പറഞ്ഞു. രണ്ട് മാസം നീണ്ട ഇടവേളയ്ക്ക് ശേഷം ഇസ്രായേൽ ഇറാനെതിരെ കടുത്ത ആക്രമണത്തിന് പദ്ധതിയിടുന്നതിനിടെ ആണ് ട്രംപിൻ്റെ നിർദേശം. ഇസ്രായേലിനും ഇറാനുമിടയിൽ ആക്രമണം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ വെടിനിർത്തൽ ആവശ്യപ്പെട്ട് ട്രംപ് രംഗത്തെത്തുകയും ഇരുരാജ്യങ്ങളും ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു.
"ബിബി, നീ സൂക്ഷിക്കുന്നത് നല്ലതാണ്, അല്ലെങ്കിൽ താമസിയാതെ നിനക്ക് ഒറ്റയ്ക്ക് നിൽക്കേണ്ടിവരും"- നെതന്യാഹുവിനോട് ട്രംപ് പറഞ്ഞതായി ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു.
അതേസമയം ഇസ്രായേലിനും ഇറാനുമിടയിൽ തിങ്കളാഴ്ച ഉടലെടുത്ത ആക്രമണത്തിനും പ്രത്യാക്രമണത്തിനും താൽക്കാലിക ശമനമായി. വെടിവെപ്പ് അടിയന്തരമായി നിർത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടതിന് പിന്നാലെ ആണ് ഇരുരാജ്യങ്ങളും ആക്രമണം നിർത്തിവെക്കുന്നതായി പ്രഖ്യാപനം നടത്തിയത്. സൈനിക നടപടി നിർത്തിവെക്കുന്നതായി ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെ ആണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സമാന പ്രഖ്യാപനം നടത്തിയത്. ലെബനനിൽ ഹിസ്ബുള്ളയ്ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരുന്നതിന് തിരിച്ചടിയെന്നോണമാണ് ഇറാൻ ഇസ്രായേലിനെതിരെ ഞായറാഴ്ച ആക്രമണം കടുപ്പിച്ചത്. ഇതിന് പിന്നാലെ ഇസ്രായേൽ തിരിച്ചടിക്കുകയായിരുന്നു.
തിങ്കളാഴ്ച ആക്രമണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച ഇറാൻ, ലെബനനിൽ ഇസ്രായേൽ ആക്രമണം തുടർന്നാൽ വീണ്ടും ആക്രമണം നടത്തുമെന്നും മുന്നറിയിപ്പ് നൽകി. ഇതിന് മറുപടി നൽകിയ നെതന്യാഹു, തങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ പുനരാരംഭിക്കാനാണ് ഭാവമെങ്കിൽ, പൂർണ ശക്തിയോടെ തിരിച്ചടിക്കുമെന്നും മുന്നറിയിപ്പ് നൽകി. നേരത്തെ, ലെബനനിലെ ഹിസ്ബുള്ളയുടെ സ്വാധീനമേഖലകളിൽ ആക്രമണം തുടരുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പ്രതികരിച്ചിരുന്നു.


