ആശുപത്രിയിലുണ്ടായ വ്യോമാക്രമണത്തിൽ 13 കുട്ടികളും രണ്ട് നഴ്സുമാരും ഒരു ഡോക്ടറും ഉൾപ്പെടെ 64 പേർ കൊല്ലപ്പെട്ടതായും 89 പേർക്ക് പരിക്കേറ്റതായും ലോകാരോഗ്യ സംഘടന മേധാവി
ഖാർതൂം: ഈദ് ഉൽ ഫിത്തർ ദിനത്തിൽ സുഡാനിൽ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ 64 പേർ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടന. എന്നാൽ ഡ്രോൺ ആക്രമണത്തിൽ ഉത്തരവാദിത്തം നിഷേധിച്ച് സുഡാൻ സൈന്യം. ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിലെ പടിഞ്ഞാറൻ നഗരത്തിലെ എൽ് ദേയ്ൻ ടീച്ചിംഗ് ആശുപത്രിക്ക് നേരെയാണ് വെള്ളിയാഴ്ച ആക്രമണം ഉണ്ടായത്. സുഡാൻ സൈന്യത്തിന്റെ എതിർ വിഭാഗമായ പാരാമിലിറ്ററി വിഭാഗം റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെ നിയന്ത്രണത്തിലുള്ള പടിഞ്ഞാറൻ നഗരത്തിലെ പ്രധാന ആശുപത്രിയാണ് വെള്ളിയാഴ്ച രാത്രി ആക്രമിക്കപ്പെട്ടത്. ആശുപത്രിയിലുണ്ടായ വ്യോമാക്രമണത്തിൽ 13 കുട്ടികളും രണ്ട് നഴ്സുമാരും ഒരു ഡോക്ടറും ഉൾപ്പെടെ 64 പേർ കൊല്ലപ്പെട്ടതായും 89 പേർക്ക് പരിക്കേറ്റതായും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് വിശദമാക്കിയത്. രക്തച്ചൊരിച്ചിൽ മതി, ഏകദേശം മൂന്ന് വർഷം മുമ്പ് തുടങ്ങിയ ഈ സംഘർഷം അവസാനിപ്പിക്കണം എന്നാണ് ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് സാമൂഹ്യ മാധ്യമ കുറിപ്പിൽ വിശദമാക്കിയത്.
മുസ്ലിം വിശ്വാസികൾ ഈദ് ഉൽ ഫിത്തർ ആഘോഷിക്കുന്ന സമയത്താണ് സൈന്യത്തിന്റെ ഡ്രോൺ ആക്രമണം ആശുപത്രിയിലുണ്ടായതെന്ന് ആർഎസ്എഫ് ആരോപിച്ചത്. വ്യോമാക്രമണത്തിൽ ആശുപത്രിയുടെ മുകളിലത്തെ നില പൂർണ്ണമായും തകർന്നതായും അപകടവിഭാഗത്തിനും മെഡിക്കൽ ഉപകരണങ്ങൾക്കും വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായും ആർഎസ്എഫ് പ്രസ്താവനയിൽ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും തങ്ങൾ പാലിക്കുന്നുണ്ടെന്നും ഈ ആരോപണം അത്ഭുതപ്പെടുത്തുന്നുവെന്നുമാണ് സുഡാൻ സൈന്യം പ്രതികരിച്ചത്. 2021-ലെ അട്ടിമറിക്ക് ശേഷം സഖ്യകക്ഷികളായിരുന്ന സൈന്യവും ആർഎസ്എഫും തമ്മിൽ അധികാരത്തിനായി 2023 ഏപ്രിലിൽ ആരംഭിച്ച പോരാട്ടം സുഡാനെ ആഭ്യന്തരയുദ്ധത്തിലേക്ക് തള്ളിയിടുകയായിരുന്നു.
ഈ ആഭ്യന്തര സംഘർഷത്തിൽ ഇതുവരെ 1.5 ലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെടുകയും സുഡാനിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗം ജനങ്ങൾ ഏകദേശം 1.2 കോടി ജനങ്ങൾക്ക് വീടുകൾ നഷ്ടമാവുകയും ചെയ്തിരുന്നു. ലോകത്തെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയാണിതെന്ന് ഐക്യരാഷ്ട്രസഭ വിശേഷിപ്പിക്കുന്നത്. വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തോടെ ആശുപത്രിയുടെ പ്രവർത്തനം പൂർണ്ണമായും നിലച്ചതായും ഡോ. ടെഡ്രോസ് വിശദമാക്കി. ആയിരക്കണക്കിന് സാധാരണക്കാർ ആശ്രയിക്കുന്ന ഈ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ സംഘടനയായ എമർജൻസി ലോയേഴ്സ് ആവശ്യപ്പെട്ടു.


