വാഹനം മറിയുന്നതിനിടെ സ്റ്റിയറിംഗ് വീൽ ഒടിഞ്ഞ് വാഹനം നിന്ന സ്ഥലത്ത് നിന്ന് ഏകദേശം 50 അടി ദൂരത്തേക്ക് തെറിച്ചു. 13 വയസ്സുള്ള പെൺകുട്ടിയുടെ രക്തത്തിലെ മദ്യത്തിന്റെ അളവ് 0.183 ആയിരുന്നുവെന്നും ഡി പി എസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി

അരിസോണ: അമേരിക്കയിലെ അരിസോണ നഗരത്തെ നടുക്കി 13 വയസ്സുള്ള പെൺകുട്ടിയുടെ മദ്യലഹരിയിലെ കാർ യാത്ര. മദ്യ ലഹരിയിൽ പെൺകുട്ടി ഒരു കാർ മോഷ്ടിച്ചാണ് യാത്ര നടത്തിയത്. നഗരത്തിലൂടെ മോഷ്ടിച്ച കാറുമായി ചീറിപ്പാഞ്ഞ പെൺകുട്ടിക്ക് പക്ഷേ നിയന്ത്രണം നഷ്ടമായതോടെ വൻ അപകടമാണ് ഉണ്ടായത്. 11 വയസ്സുള്ള ഒരു കുട്ടിയെയും കൂട്ടിയുള്ള യാത്രക്കിടെ വാഹനം അപകടത്തിൽ പെടുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. ഇന്റർസ്റ്റേറ്റ് 40 ൽ ഫ്ലാഗ്സ്റ്റാഫിന് സമീപം തെറ്റായ ദിശയിൽ കാറുമായി കയറിയ പെൺകുട്ടി, 100 മൈൽ വേഗതയിൽ ഓടിച്ചതോടെയാണ് അപകടമുണ്ടായത്. ഗാർഡ് റെയിലിൽ ഇടിച്ചതിനെ തുടർന്നാണ് അപകടം സംഭവിച്ചത്. ഗാർഡ് റെയിലിൽ ഇടിച്ച കാർ നിരവധി തവണ മറിഞ്ഞ് ഒരു മരത്തിൽ ഇടിച്ചാണ് നിന്നതെന്ന് അരിസോണ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി (ഡി പി എസ്) വ്യക്തമാക്കി. ഫ്ലാഗ്സ്റ്റാഫ് പൊലീസ് ഡിപ്പാർട്ട്മെന്റിൽ നിന്ന് മോഷ്ടിക്കപ്പെട്ട കാറാണ് ഇവർ ഉപയോഗിച്ചതെന്നും ഡി പി എസ് വിവരിച്ചു. അപകടത്തിന് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരു കുട്ടികൾക്കും ജീവന് ഭീഷണിയില്ലാത്ത പരിക്കുകൾ മാത്രമാണ് ഉണ്ടായതെന്നും ഡി പി എസ് വ്യക്തമാക്കി.

സ്റ്റിയറിംഗ് വീൽ ഒടിഞ്ഞ് കാർ 50 അടി ദൂരത്തേക്ക് തെറിച്ചു

പെൺകുട്ടി വാഹനം ഗാർഡ്റെയിലിൽ ഇടിച്ചതിനെ തുടർന്ന് കാർ നിരവധി തവണ മറിഞ്ഞ് ഒരു മരത്തിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിന്റെ ആഘാതം അത്ര ശക്തമായിരുന്നുവെന്ന് അരിസോണ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി വ്യക്തമാക്കി. വാഹനം മറിയുന്നതിനിടെ സ്റ്റിയറിംഗ് വീൽ ഒടിഞ്ഞ് വാഹനം നിന്ന സ്ഥലത്ത് നിന്ന് ഏകദേശം 50 അടി ദൂരത്തേക്ക് തെറിച്ചെന്നും ഡി പി എസ് ഉദ്യോഗസ്ഥൻ വിവരിച്ചു. 13 വയസ്സുള്ള പെൺകുട്ടിയുടെ രക്തത്തിലെ മദ്യത്തിന്റെ അളവ് 0.183 ആയിരുന്നുവെന്നും ഡി പി എസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അരിസോണയിൽ 21 വയസ്സിന് മുകളിലുള്ള ഡ്രൈവർമാർക്ക് 0.08%ന് മുകളിലുള്ള മദ്യത്തിന്റെ അളവ് മദ്യപിച്ചുള്ള വാഹനമോടിക്കിൽ കുറ്റകൃത്യമായി (ഡി യു ഐ) കണക്കാക്കും. എന്നാൽ 21 വയസ്സിന് താഴെയുള്ളവർക്ക് മദ്യപാനം അനുവദനീയമല്ല. ഇവരുടെ പരിശോധനയിൽ മദ്യത്തിന്റെ അളവ് 0.00% ത്തിൽ കൂടിയാൽ ഡി യു ഐ പ്രകാരമുള്ള ശിക്ഷ നടപടികളുണ്ടാകും.

ജീവൻ രക്ഷയായത് ഭാഗ്യം

ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരു കുട്ടികൾക്കും ജീവന് ഭീഷണിയില്ലാത്ത പരിക്കുകൾ മാത്രമാണ് ഉണ്ടായതെന്ന് ഡി പി എസ് അറിയിച്ചു. 13 വയസ്സുകാരി ഡി യു ഐ ചാർജുകൾ നേരിടുമെന്ന് ഡി പി എസ് വക്താവ് വ്യക്തമാക്കി. കുട്ടികൾ സുരക്ഷിതരായതിൽ ആശ്വാസമുണ്ടെന്നും ഡി പി എസ് പ്രസ്താവനയിൽ പറഞ്ഞു. കൗമാരക്കാരുടെ ആവേശത്തിലുള്ള ഡ്രൈവിംഗും കുട്ടികളുടെ മദ്യപാനവും അത്യന്തം അപകടകരമാണെന്നും മദ്യപാനത്തിന്റെയും ലൈസൻസില്ലാതെ വാഹനമോടിക്കുന്നതിന്റെയും അപകടങ്ങളെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തണമെന്നും ഡി പി എസ് ആവശ്യപ്പെട്ടു.