ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ലണ്ടനിൽ സാധാരണക്കാരനായി സമയം ചെലവഴിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായി. വേനൽ അവധിക്കാലത്ത് ലണ്ടനിലെ ഷാങ്ഹായ് മി റെസ്റ്റോറന്റിൽ ലളിതമായ വേഷത്തിൽ എത്തിയ അദ്ദേഹം, ജീവനക്കാരോടും പൊതുജനങ്ങളോടും സൗഹൃദപരമായി ഇടപഴകി. അദ്ദേഹത്തിന്റെ ഈ ജനകീയ ശൈലി ഏറെ പ്രശംസ നേടുന്നു.
ലണ്ടൻ: യുഎഇയുടെ പ്രിയപ്പെട്ട ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ലണ്ടനിൽ സാധാരണക്കാരിലൊരാളായി സമയം ചെലവഴിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ്, തന്റെ വേനൽ അവധിക്കാലത്തോടനുബന്ധിച്ച് ലണ്ടനിലെ പ്രശസ്തമായ 'ഷാങ്ഹായ് മി' റെസ്റ്റോറന്റിൽ ഉച്ചഭക്ഷണത്തിനെത്തിയതിന്‍റെ വീഡിയോയാണ് വൈറലാകുന്നത്.
ഔദ്യോഗിക തിരക്കുകളിൽ നിന്ന് മാറി വളരെ ലളിതമായി വേഷം ധരിച്ച് എത്തിയ അദ്ദേഹത്തെ റെസ്റ്റോറന്റിലെ ജീവനക്കാരും സന്ദർശകരും ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു. റെസ്റ്റോറന്റിലെ ജീവനക്കാരെയും അതിഥികളെയും അഭിവാദ്യം ചെയ്തു. റെസ്റ്റോറന്റിലേക്ക് പ്രവേശിക്കുന്നതിന് മുമ്പും ശേഷവും അവിടെയുണ്ടായിരുന്ന ആളുകളോടും ജീവനക്കാരോടും പുഞ്ചിരിയോടെ കുശലാന്വേഷണം നടത്താനും ഫോട്ടോകൾക്ക് നിൽക്കാനും അദ്ദേഹം സമയം കണ്ടെത്തി.
ലണ്ടനിലെ മേഫെയറിന്‍റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഷാങ്ഹായ് മി, പാൻ -ഏഷ്യൻ വിഭവങ്ങൾക്ക് പേരു കേട്ടതാണ്. ശൈഖ് മുഹമ്മദിന്റെ പ്രിയപ്പെട്ട ഭക്ഷണശാലകളിൽ ഒന്നാണിത്. ലണ്ടനിലെ ഈ ശാഖ കൂടാതെ ദുബായിലെ ഷാങ്ഹായ് മി ശാഖകളിലും അദ്ദേഹം മുൻപും പലതവണ എത്തിയിട്ടുണ്ട്.
ലോകത്തെ ഏറ്റവും ജനകീയരായ ഭരണാധികാരികളിൽ ഒരാളാണ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായിലെ മാളുകളിലും പൊതുസ്ഥലങ്ങളിലും പ്രവാസികൾക്കും സ്വദേശികൾക്കുമൊപ്പം സുരക്ഷാ വലയങ്ങളില്ലാതെ അദ്ദേഹം ഇടപെടുന്ന ചിത്രങ്ങളും വീഡിയോകളും മുൻപും പുറത്തുവന്നിട്ടുണ്ട്. വേനൽക്കാലത്ത് വിദേശ രാജ്യങ്ങളിൽ എത്തുമ്പോഴും തികച്ചും ലളിതമായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്ന അദ്ദേഹത്തിന്റെ ശൈലി പ്രവാസികൾക്കിടയിലും ഏറെ പ്രശംസ പിടിച്ചുപറ്റാറുണ്ട്.


