കോൺഗോയിലും ഉഗാണ്ടയിലും എബോള വൈറസ് പടരുന്ന സാഹചര്യത്തിൽ, ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി യാത്രക്കാർക്കും വിമാനക്കമ്പനികൾക്കും കർശന ജാഗ്രതാ നിർദേശം പുറത്തിറക്കി. രോഗബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്നവർക്ക് 21 ദിവസത്തെ നിരീക്ഷണവും ആരോഗ്യ മുൻകരുതലുകളും നിർബന്ധമാക്കി.
മസ്‌കറ്റ്: കോൺഗോ ജനാധിപത്യ റിപ്പബ്ലിക്കിലും ഉഗാണ്ടയിലും എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ ഒമാനിൽ സർവീസ് നടത്തുന്ന വിമാനക്കമ്പനികൾക്കും യാത്രക്കാർക്കും സിവിൽ ഏവിയേഷൻ അതോറിറ്റി ജാഗ്രതാ നിർദേശം പുറത്തിറക്കി. 'ബുന്ദിബുഗ്യോ' വൈറസ് വകഭേദവുമായി ബന്ധപ്പെട്ട് മേയ് 24-ന് പുറത്തിറക്കിയ സർക്കുലറിൽ ലോകാരോഗ്യ സംഘടനയുടെ ശുപാർശകളും ആഗോള ആരോഗ്യ മുന്നറിയിപ്പുകളും അടിസ്ഥാനമാക്കിയാണ് നിർദേശം പുറത്തിറക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.

ഒമാനിലെ മെഡിക്കൽ റെസ്പോൺസ് വിഭാഗവുമായി സഹകരിച്ചാണ് നിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. രോഗവ്യാപനം തടയുന്നതിനായി ഒമാനിലേക്കും തിരിച്ചും സർവീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികളും രോഗബാധിത പ്രദേശങ്ങളിലേക്കോ അവിടെ നിന്ന് വരുന്ന യാത്രക്കാരും കർശന ആരോഗ്യ മുൻകരുതലുകൾ പാലിക്കണമെന്ന് നിർദേശത്തിൽ പറയുന്നു. എബോള ബാധിത പ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. അതോടൊപ്പം, പ്രാദേശിക ആരോഗ്യ വകുപ്പുകളും ലോകാരോഗ്യ സംഘടനയും പുറത്തിറക്കുന്ന ആരോഗ്യ മുന്നറിയിപ്പുകൾ നിരന്തരം പിന്തുടരണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
ആവശ്യമായ സാഹചര്യങ്ങളിൽ ചികിത്സയും മെഡിക്കൽ എവാക്വേഷനും ഉൾപ്പെടുന്ന ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു. രോഗബാധിത പ്രദേശങ്ങളിൽ കഴിയുന്ന സമയത്ത് പനി, രക്തസ്രാവം, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുള്ള ആളുകളുമായി സമ്പർക്കം ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകി. രോഗബാധിതരുടെ രക്തം, ശരീര ദ്രാവകങ്ങൾ, വ്യക്തിപരമായ ഉപകരണങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതും അപകടകരമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
അതുപോലെ, രോഗബാധിതരുടെയോ മരണപ്പെട്ടവരുടെയോ സംസ്കാര ചടങ്ങുകളിലോ വലിയ കൂട്ടായ്മകളിലോ നേരിട്ടുള്ള സമ്പർക്കം ഉണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും നിർദേശിച്ചു. കാട്ടുമൃഗങ്ങളെയും പാകം ചെയ്യാത്ത മാംസവും ഒഴിവാക്കണം
ബാധിത പ്രദേശങ്ങളിൽ കഴിയുമ്പോൾ കാട്ടുമൃഗങ്ങളുമായി സമ്പർക്കം പുലർത്തുന്നതും പൂർണ്ണമായി പാകം ചെയ്യാത്ത മാംസം കഴിക്കുന്നതും ഒഴിവാക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. കൈകൾ പതിവായി സോപ്പുപയോഗിച്ച് കഴുകുകയും ആൽക്കഹോൾ അധിഷ്ഠിത സാനിറ്റൈസറുകൾ ഉപയോഗിക്കുകയും ചെയ്യണമെന്ന് നിർദേശത്തിൽ പറയുന്നു.
21 ദിവസം നിരീക്ഷണം
രോഗബാധിത രാജ്യങ്ങളിൽ നിന്ന് ഒമാനിലെത്തുന്ന യാത്രക്കാർ യാത്ര അവസാനിച്ച തീയതി മുതൽ 21 ദിവസം ആരോഗ്യനില നിരീക്ഷിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഈ കാലയളവിൽ പനി, കടുത്ത തലവേദന, ഛർദ്ദി, വയറിളക്കം, അസാധാരണ രക്തസ്രാവം, അതിയായ ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകുന്നവർ ഉടൻ സമീപത്തെ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണം. അടുത്തിടെ നടത്തിയ യാത്രയെക്കുറിച്ചുള്ള വിവരങ്ങൾ ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും, മെഡിക്കൽ പരിശോധന പൂർത്തിയാകുന്നത് വരെ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണമെന്നും നിർദേശിച്ചു.
വായുവിലൂടെ പകരില്ലെന്ന് സിഎഎ
എബോള വൈറസ് വായുവിലൂടെ പകരുന്ന രോഗമല്ലെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. രോഗബാധിതരുടെ ശരീര ദ്രാവകങ്ങളുമായോ മലിനമായ വസ്തുക്കളുമായോ നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗം പകരുന്നത്.
അതേസമയം കോംഗോയിൽ 900-ലധികം സംശയാസ്പദമായ കേസുകൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. നിലവിലുള്ള അരക്ഷിതാവസ്ഥയും ഭയവും സമൂഹങ്ങൾക്കുള്ളിൽ അവിശ്വാസം വളർത്തുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എബോള വൈറസിന്റെ 'ബുന്ദിബുഗ്യോ' വകഭേദം മൂലമാണ് ഈ രോഗം പടരുന്നത്. ഇതിനെതിരെ നിലവിൽ അംഗീകൃത വാക്സിനുകളോ പ്രത്യേക ചികിത്സകളോ ലഭ്യമല്ല. രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാരിൽ പനി ഉണ്ടോ എന്ന് പരിശോധിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുണ്ടെന്നും പ്രസ്താനയിൽ പറയുന്നു. രോഗലക്ഷണങ്ങൾ നേരത്തെ കണ്ടെത്തുകയും അതിവേഗം റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നത് രോഗവ്യാപനം കുറയ്ക്കാനും പൊതുജനാരോഗ്യം സംരക്ഷിക്കാനും നിർണായകമാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു.


