അബുദാബിയിലെ ഹബ്‌ഷാൻ പാചകവാതക പ്ലാന്‍റിൽ വ്യോമപ്രതിരോധ സംവിധാനം തകർത്ത മിസൈൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ തീപിടിത്തത്തിൽ ഒരു ഈജിപ്ഷ്യൻ എൻജിനീയർ കൊല്ലപ്പെട്ടു. സംഭവത്തിൽ മറ്റ് നാല് പേർക്ക് നിസ്സാര പരിക്കേറ്റു. പ്ലാന്റിൽ രണ്ട് ഇടങ്ങളിലായി തീപിടിത്തമുണ്ടായെങ്കിലും എമർജൻസി റെസ്‌പോൺസ് ടീം ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കി.

അബുദാബി: അബുദാബിയിലെ ഹബ്‌ഷാൻ പാചകവാതക പ്ലാന്റിൽ വ്യോമപ്രതിരോധ സംവിധാനം തകർത്ത മിസൈൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ തീപിടിത്തത്തിൽ ഒരു ഈജിപ്ഷ്യൻ പൗരൻ കൊല്ലപ്പെട്ടു. പ്ലാന്റിലെ പെട്രോജെറ്റ് കമ്പനി യുഎഇ ശാഖയിലെ അസിസ്റ്റന്റ് ജനറൽ മാനേജർ (ക്വാളിറ്റി) എൻജിനീയർ ഹൊസാം സാദിഖ് ഖലീഫയാണ് ഡ്യൂട്ടിക്കിടെ മരണപ്പെട്ടതെന്ന് ഈജിപ്ഷ്യൻ പെട്രോളിയം മന്ത്രാലയം സ്ഥിരീകരിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ആകാശത്ത് വെച്ച് തകർത്ത മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് പ്ലാന്റിൽ രണ്ട് ഇടങ്ങളിലായി തീപിടിത്തമുണ്ടായി. പ്ലാന്റിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും എമർജൻസി റെസ്‌പോൺസ് ടീം ഉടൻ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. പ്ലാന്റ് ഒഴിപ്പിക്കുന്നതിനിടയിൽ നാല് ജീവനക്കാർക്ക് നിസ്സാര പരിക്കേറ്റു. ഇതിൽ രണ്ട് ഈജിപ്ഷ്യൻ പൗരന്മാരും രണ്ട് പാകിസ്ഥാൻ പൗരന്മാരും ഉൾപ്പെടുന്നു. ഇവർക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

എൻജിനീയർ ഹൊസാം സാദിഖിന്റെ നിര്യാണത്തിൽ ഈജിപ്ഷ്യൻ പെട്രോളിയം മന്ത്രി എൻജിനീയർ കരീം ബദാവി ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി. പെട്രോളിയം മേഖലയിലെ മികച്ച ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹമെന്നും കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും മന്ത്രി അറിയിച്ചു. നേരത്തെ മാർച്ച് 19-നും ഹബ്‌ഷാൻ ഗ്യാസ് പ്ലാന്റിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. അന്ന് അബുദാബിയിലെ ബാബ് ഫീൽഡിലും സമാനമായ രീതിയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചിരുന്നു.