ദീപാവലിക്ക് പാകിസ്ഥാന്റെ 'സമ്മാനം'; ആ 80 പേർ ഗുജറാത്തിലെത്തി, വീടുകളിൽ തിരതല്ലി സന്തോഷം!
മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് സന്തോഷത്തോടെ ദീപാവലി ആഘോഷിക്കാമെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു.

അഹമ്മദാബാദ്: പാകിസ്ഥാൻ ജയിലിൽ കഴിഞ്ഞിരുന്ന 80 ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച് പാകിസ്ഥാൻ. കറാച്ചിയിലെ ജയിലിൽ നിന്ന് മോചിതരായ മത്സ്യത്തൊഴിലാളികൾ ഞായറാഴ്ച ട്രെയിനിൽ ഗുജറാത്തിലെ വഡോദരയിലെത്തി. ഇവരെ വീട്ടിലേക്കയക്കാൻ ബസിൽ സംസ്ഥാനത്തെ വെരാവലിലേക്ക് കൊണ്ടുപോയെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് സന്തോഷത്തോടെ ദീപാവലി ആഘോഷിക്കാമെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു. വ്യാഴാഴ്ചയാണ് പാകിസ്ഥാൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചത്.
Read More.... ഓക്സിജനും ഭക്ഷണവും പൈപ്പിലൂടെ എത്തിച്ചു; തുരങ്കം ഇടിഞ്ഞ് കുടുങ്ങിയ 40 പേരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു
അടുത്ത ദിവസം പഞ്ചാബിലെ അട്ടാരി-വാഗാ അതിർത്തിയിൽ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ഒരു സംഘത്തിന് കൈമാറി. സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് പാക് അധികൃതർ 2020ലാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. വിട്ടയച്ച 80പേരിൽ 59പേർ ഗിർ ജില്ലക്കാരാണ്. 15 പേർ ദ്വാരക ജില്ലക്കാരും രണ്ടുപേർ ജാംനഗർ സ്വദേശികളും ഒരാൾ അംറേലി സ്വദേശിയും മൂന്ന് പേർ കേന്ദ്രഭരണ പ്രദേശമായ ദിയു സ്വദേശികളപമാണ്. ഇനിയും 200 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ പാക് ജയിലിലുണ്ടെന്നും അധികൃതർ പറഞ്ഞു. ഈ വർഷം മെയ്, ജൂൺ മാസങ്ങളിൽ 400 മത്സ്യത്തൊഴിലാളികളെ പാകിസ്ഥാൻ വിട്ടയച്ചിരുന്നു.