ഓക്സിജനും ഭക്ഷണവും പൈപ്പിലൂടെ എത്തിച്ചു; തുരങ്കം ഇടിഞ്ഞ് കുടുങ്ങിയ 40 പേരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു
കുടുങ്ങി കിടക്കുന്നവരുമായി ആശയവിനിമയം നടത്തിയെന്നും എല്ലാവരും സുരക്ഷിതരാണെന്നും അധികൃതര്‍
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ടണൽ ദുരന്തമുണ്ടായ സ്ഥലം മുഖ്യമന്ത്രി പുഷ്കർ സിംങ് ധാമി സന്ദര്‍ശിച്ചു. കുടുങ്ങി കിടക്കുന്നവരുമായി ആശയവിനിമയം നടത്തിയെന്നും എല്ലാവരും സുരക്ഷിതരാണെന്നും അധികൃതര്‍ പറഞ്ഞു. ഇവര്‍ക്ക് ഓക്സിജനും ഭക്ഷണവും പൈപ്പിലൂടെ എത്തിച്ചു.
24 മണിക്കൂർ പിന്നിട്ടിട്ടും 40 പേരാണ് ഇടിഞ്ഞ തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്. വോക്കി ടോക്കിയിലൂടെ ഇവരോട് സംസാരിച്ചു. 60 മീറ്റർ ദൂരത്തിൽ ദൂരത്തിലാണ് ഇവര്‍ കുടുങ്ങിക്കിടക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ച പുലർച്ചെ ഉത്തരകാശി ജില്ലയിലെ യമുനോത്രി ദേശീയ പാതയിലാണ് സംഭവം. ജാർഖണ്ഡ്, ഉത്തർപ്രദേശ്, ഒഡീഷ, ബീഹാർ സംസ്ഥാനങ്ങളിൽ നിന്നുളളവരാണ് കുടുങ്ങിയവരിലേറെയും. ദേശീയ ദുരന്ത നിവാരണ സേനയും പൊലീസ് ഉദ്യോഗസ്ഥരും സംയുക്തമായാണ് രക്ഷാദൌത്യം നടത്തുന്നത്.
തുരങ്കത്തിന്റെ പ്രവേശന കവാടത്തിലുണ്ടായ മണ്ണിടിച്ചിലിൽ തുരങ്കത്തിലെ സ്ളാബുകള്‍ തകർന്നു വീഴുകയായിരുന്നു. തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തേക്ക് താത്കാലികമായി ഓക്സിജന്‍ പൈപ്പുകള്‍ സ്ഥാപിക്കുക എന്നതാണ് ആദ്യം ചെയ്തത്. സ്ളാബ് മുറിച്ചു മാറ്റി മുഴുവൻ തൊഴിലാളികളെയും പുറത്തെത്തിക്കുന്നതിനുള്ള തീവ്ര ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ എല്ലാവരെയും പുറത്തെത്തിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.