കാലുവേദനയ്ക്ക് സിക്ക് ലീവെടുത്ത യുവാവ് 16,000 ചുവട് നടന്നുവെന്ന് കണ്ടെത്തി കമ്പനി പിരിച്ചുവിട്ടു. എന്നാൽ നിയമവിരുദ്ധമായാണ് പിരിച്ചുവിട്ടതെന്ന് കണ്ടെത്തിയ കോടതി, യുവാവിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു.
ബെയ്‌ജിങ്: കാലുവേദനയ്ക്ക് സിക്ക് ലീവെടുത്ത യുവാവ് 16,000 ചുവട് നടന്നെന്ന് കണ്ടെത്തിയതറിഞ്ഞ് യുവാവിനെ പിരിച്ചുവിട്ട് കമ്പനി. ഇതിന് കമ്പനിക്കെതിരെ പരാതി നൽകിയതിന് യുവാവിന് നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി. സംഭവം അങ്ങ് ചൈനയിലാണ്. 2019ലാണ് വര്‍ഷങ്ങള്‍ നീണ്ട നിയമ നടപടികളിലേക്ക് നയിച്ച സംഭവത്തിന്റെ തുടക്കം. കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ ഒരു കമ്പനിയില്‍ നിന്നാണ് ചെന്‍ എന്ന യുവാവിനെ പിരിച്ചുവിട്ടത്. 2019 ൽ യുവാവ് കമ്പനിയിൽ ജോലി ചെയ്തുകൊണ്ടിരിക്കവേ ആണ് കടുത്ത നടുവേദന അനുഭവപ്പെടുന്നത്. ഇതേതുടർന്ന് ഇദ്ദേഹം രണ്ടുതവണ സിക്ക് ലീവിന് അപേക്ഷിച്ചിരുന്നു. തെളിവായി ആശുപത്രിയിലെ പരിശോധന റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കമ്പനി ലീവ് അനുവദിച്ചു.
ഏകദേശം ഒരുമാസത്തോളം റെസ്റ്റ് എടുത്ത ശേഷം ചെന്‍ വീണ്ടും ജോലിയില്‍ തിരിച്ചെത്തി. എന്നാല്‍ ജോലിക്കെത്തിയ യുവാവിന് കാലുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ഒരാഴ്ച അവധിക്ക് അപേക്ഷ നല്‍കി. തന്റെ വലതു കാലിലെ വേദന കാരണം ഒരു ആഴ്ച വിശ്രമിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചതായുള്ള കാരണം ചൂണ്ടിക്കാട്ടിയാണ് സിക്ക് ലീവിന് അപേക്ഷിച്ചത്. ചെന്‍ മെഡിക്കല്‍ ലീവ് ദിവസങ്ങളോളം നീട്ടി. ലീവ് നീട്ടിയതോടെ കമ്പനി ചെന്നിനോട് ഓഫീസില്‍ എത്തി ആശുപത്രി രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ഓഫീസിലെത്തിയപ്പോള്‍ സെക്യൂരിറ്റി അദ്ദേഹത്തെ അകത്തേക്ക് കടക്കാന്‍ അനുവദിച്ചില്ല. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അസുഖമാണെന്ന് നുണ പറഞ്ഞെന്ന് ആരോപിച്ചാണ് കമ്പനി യുവാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. ഇതിനെ തുടര്‍ന്ന് ചെന്‍ ഒരു ലേബര്‍ ആര്‍ബിട്രേഷന്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. താൻ അവധി എടുത്തിട്ടുണ്ടെങ്കിൽ അതിന് തക്കതായ മെഡിക്കല്‍ രേഖകളുടെ പിന്തുണയുണ്ടെന്ന് യുവാവ് കോടതിയിൽ അവകാശപ്പെട്ടു.
അതേസമയം ഇതിനെതിരെ യുവാവിന്റെ കമ്പനി കോടതിയെ സമീപിച്ചു. കാലുവേദനയ്ക്ക് സിക്ക് ലീവിന് അപേക്ഷിച്ച ദിവസം ചെന്‍ കമ്പനിയിലേക്ക് ഓടി വരുന്ന ദൃശ്യങ്ങള്‍ കമ്പനി കോടതിയ്ക്ക് മുൻപാകെ ഹാജരാക്കി. ആ ദിവസം ചെന്‍ 16,000ലധികം സ്റ്റെപ്പുകൾ നടന്നതായി കാണിക്കുന്ന തെളിവും കമ്പനി നല്‍കി. എന്നാൽ കമ്പനിയുടെ തെളിവുകള്‍ സാധുതയുള്ളതല്ലെന്നും അരക്കെട്ടിന്റെയും കാലിന്റെയും സ്‌കാന്‍ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള സമഗ്രമായ ആശുപത്രി രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും യുവാവ് അവകാശപ്പെട്ടു. ഒടുവിൽ നിയമവിരുദ്ധമായാണ് കമ്പനി യുവാവിനെ പിരിച്ചുവിട്ടത് എന്ന് ബോധ്യപ്പെട്ട കോടതി നഷ്ടപരിഹാരം നല്‍കാന്‍ കമ്പനിയോട് നിര്‍ദേശിച്ചു. ഒന്നും രണ്ടും രൂപയല്ല 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് കമ്പനിയോട് കോടതി നിര്‍ദേശിച്ചത്. ഏതായാലൂം കമ്പനി തന്നെ നിയമവിരുദ്ധമായി പിരിച്ചുവിട്ടതിൽ കേസ് കൊടുക്കുകയും കോടതി നഷ്ടപരിഹാരം വാങ്ങിത്തരികയും ചെയ്ത സന്തോഷത്തിലാണ് ഇപ്പോൾ യുവാവ്.


