എന്നാൽ യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പ് നടക്കുന്ന മേയ് 23 നപ്പുറം തീയതി നീട്ടുന്നതിനോട് യൂറോപ്യൻ യൂണിയന് ചില വിയോജിപ്പുകളുണ്ട്. യൂറോപ്യൻ യൂണിയൻ വിടാൻ തയ്യാറെടുത്തുനിൽക്കുന്ന ബ്രിട്ടനും വോട്ടവകാശം ഉണ്ടാകുമെന്നതിലാണ് വിയോജിപ്പ്.

ലണ്ടന്‍: ബ്രക്സിറ്റ് തീയതി നീട്ടാന്‍ യൂറോപ്യന്‍ യൂണിയന്‍റെ അനുമതി. വ്യവസ്ഥയ്ക്ക് വിധേയമായാണ് അനുമതി. മുൻ നിശ്ചയിച്ച് പ്രകാരം മാർച്ച് 29ന് ബ്രക്സിറ്റ് നടക്കില്ലെന്ന് വ്യക്തമായതോടെയാണ് ബ്രക്സിറ്റിന് പുതിയ തീയതി അനുവദിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറായത്. ഭാവി നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ബ്രിട്ടിഷ് പാർലമെന്റ് അടിയന്തരയോഗം ഇന്നും തുടരും.

ബ്രക്സിറ്റ് തീയതി നീട്ടണമെന്ന പ്രധാനമന്ത്രി തെരേസ മെയുടെ കത്ത് പരിഗണിച്ചാണ് യൂറോപ്യന്‍ യൂണിയന്‍റെ തീരുമാനം. ഇപ്പോഴത്തെ ധാരണയെ എംപിമാർ പിന്തുണയ്ക്കണം എന്നാണ് വ്യവസ്ഥ. എത്രവരെ നീട്ടണമെന്ന കാര്യത്തിൽ ചർച്ചയാവാമെന്നും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡോണൾഡ് ടസ്ക് അറിയിച്ചു.

എന്നാൽ യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പ് നടക്കുന്ന മേയ് 23 നപ്പുറം തീയതി നീട്ടുന്നതിനോട് യൂറോപ്യൻ യൂണിയന് ചില വിയോജിപ്പുകളുണ്ട്. യൂറോപ്യൻ യൂണിയൻ വിടാൻ തയ്യാറെടുത്തുനിൽക്കുന്ന ബ്രിട്ടനും വോട്ടവകാശം ഉണ്ടാകുമെന്നതിലാണ് വിയോജിപ്പ്.

പ്രധാനമന്ത്രിയുടെ കത്ത് ചർച്ചചെയ്യാനായി ചേര്‍ന്ന ബ്രിട്ടിഷ്പാർലമെന്‍റിന്‍റെ അടിയന്തരയോഗത്തില്‍ ബ്രക്സിറ്റ് തീയതി ജൂൺ 30 നപ്പുറം നീട്ടുന്നതിനോട് യോജിപ്പില്ലെന്ന് പ്രധാനമന്ത്രി തെരേസ മേ അറിയിച്ചിട്ടുണ്ട്. കൂടുതൽ നീട്ടണമെന്ന ആവശ്യമുയർന്നാൽ മേ രാജിവയ്ക്കാനുള്ള സാധ്യതയാണ് ഇപ്പോൾ കാണുന്നത്. അതേസമയം മേയുടെ പ്രധാന എതിരാളിയായ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബീന്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തുന്നതിനായി ബ്രസല്‍സിലെത്തി. കോര്‍ബിന് പിന്നാലെ മെയും വ്യാഴാഴ്ച്ച ബ്രസല്‍സിലെത്തുന്നുണ്ട്.