വിക്ടോറിയ: വിക്ടോറിയയില്‍ ദയാവധം നിയമവിധേയമാക്കി. അധിക കാലം ജീവനോടെ ഇരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ, മാരകരോഗം ബാധിച്ചവര്‍ക്കാണ് ദയാവധത്തിന് അപേക്ഷിക്കാവുന്നത്. ജൂണ്‍ 19 മതല്‍ ‍ദയാവധത്തിനായി ആവശ്യപ്പെടാം. ഇതോടെ ഓസ്ട്രേലിയയില്‍ ദയാവധം പ്രാബല്യത്തില്‍ കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമാകുകയാണ് വിക്ടോറിയ. 

ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 2017-ല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമമാണ് ബുധനാഴ്ച പാസ്സാക്കിയത്.  മാരകരോഗം ബാധിച്ച ഒരാള്‍ക്ക് ദയാവധം അനുവദിക്കണമെങ്കില്‍ 68 വ്യവസ്ഥകള്‍ പാലിക്കണം എന്നാണ് നിയമം അനുശാസിക്കുന്നത്. 18 വയസ് പൂര്‍ത്തിയാക്കിയ ഓസ്‌ട്രേലിയന്‍ പൗരനോ, പെര്‍മനന്റ് റെസിഡന്റോ ആയിരിക്കണം, ഒരു വര്‍ഷമെങ്കിലും വിക്ടോറിയയില്‍ ജീവിച്ച ആളായിരിക്കണം, മാരകരോഗത്താല്‍ അതികഠിനമായ വേദന നേരിടുന്നയാളാകണം, ആറു മാസത്തില്‍ കൂടുതല്‍ ജീവിക്കില്ല എന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കണം (ഗുരുതരമായ നാഡീ രോഗങ്ങള്‍ ബാധിച്ചവരാണെങ്കില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ ജീവിക്കില്ല എന്ന്), മറ്റാരുടെയും സമ്മര്‍ദ്ദത്താലല്ല ദയാവധം അഭ്യര്‍ത്ഥിക്കുന്നതെന്നും, സ്വബോധത്തോടെയാണെന്നും തെളിയിക്കണം, രണ്ടു തവണ രേഖാമൂലവും, ഒരു തവണ വാക്കാലും അഭ്യര്‍ത്ഥന നടത്തണം. രണ്ടു ഡോക്ടര്‍മാര്‍ ഇത് അംഗീകരിക്കണം തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചില വ്യവസ്ഥകള്‍.

സ്വതന്ത്ര റിവ്യൂ ബോര്‍ഡും കൊറോണറുമാണ് വ്യവസ്ഥകളും നിയമങ്ങളും പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നത്. നടപടികള്‍ ആരംഭിച്ച ശേഷം കുറഞ്ഞത് 10 ദിവസമെങ്കിലും കഴിഞ്ഞ് മാത്രമെ ദയാവധം അനുവദിക്കുകയുള്ളൂ. ദയാവധം പ്രബല്യത്തില്‍ വന്നതോടെ നൂറോളം പേരാണ് ഇതുവരെ ദയാവധം ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഈ വര്‍ഷം 12 പേര്‍ക്ക് മാത്രമെ ദയാവധം അനുവദിക്കൂ. അടുത്ത വര്‍ഷം മുതല്‍ 150-ഓളം പേര്‍ ഇത്തരത്തില്‍ ദയാവധം തെരഞ്ഞെടുത്തേക്കാമെന്ന് വിക്ടോറിയന്‍ പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്രൂസ് പറഞ്ഞതായി എസ് ബി എസ് മലയാളം റിപ്പോര്‍ട്ട് ചെയ്തു.