യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, ഇന്ത്യക്ക് എല്ലാ വർഷവും പുതിയ പ്രധാനമന്ത്രിയാണെന്ന് തെറ്റായി പ്രസ്താവിച്ചു, ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചു. എന്നാൽ, ഈ വിവരണം ഇന്ത്യയുടെ രാഷ്ട്രീയ സ്ഥിരതയ്ക്ക് പകരം പാകിസ്ഥാന്‍റെ ചരിത്രത്തിനാണ് കൂടുതൽ യോജിക്കുന്നത്.
വാഷിംഗ്ടൺ: ഇന്ത്യക്ക് എല്ലാ വർഷവും പുതിയ പ്രധാനമന്ത്രിയാണെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നാക്കുപിഴ വലിയ ചർച്ചയാകുന്നു. എന്നാൽ, ട്രംപിന് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ മാറിപ്പോയതാണ് എന്നാണ് സോഷ്യൽ മീഡിയ ഓര്‍മ്മിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള 77 വർഷത്തെ ചരിത്രത്തിൽ പാകിസ്ഥാന് പലപ്പോഴും ഭരണാധികാരികളെ അതിവേഗം മാറ്റിയ ചരിത്രമുണ്ട്. ബുധനാഴ്ച വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെയാണ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞത്. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നൽകിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
'മോദി ഒരു മികച്ച വ്യക്തിയാണ്. അദ്ദേഹം ട്രംപിനെ സ്നേഹിക്കുന്നു' എന്ന് പറഞ്ഞ ട്രംപ് മോദിയെ മഹാനായ വ്യക്തി എന്നും പരീക്ഷിച്ചറിഞ്ഞ നേതാവെന്നും വിശേഷിപ്പിച്ചു. എന്നാൽ ഉടൻ തന്നെ അദ്ദേഹം ഒരു വിചിത്രമായ വിശദീകരണവും നൽകി. നിങ്ങൾ സ്നേഹം എന്ന വാക്ക് മറ്റൊരു രീതിയിൽ എടുക്കരുതെന്ന് ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതം നശിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു
വലിയ നാക്കുപിഴ
തുടർന്നാണ് ട്രംപിന് നാക്കുപിഴ സംഭവിച്ചത്. ഇന്ത്യയിലെ രാഷ്ട്രീയ അസ്ഥിരതയെക്കുറിച്ച് അദ്ദേഹം ആശങ്കപ്പെടുന്ന രീതിയിൽ സംസാരിച്ചു. 'ഞാൻ വർഷങ്ങളായി ഇന്ത്യയെ നിരീക്ഷിക്കുന്നു. അതൊരു അവിശ്വസനീയമായ രാജ്യമാണ്, പക്ഷേ എല്ലാ വർഷവും അവിടെ പുതിയൊരു നേതാവ് ഉണ്ടാകും. ചിലർ ഏതാനും മാസങ്ങൾ മാത്രം അധികാരത്തിലിരിക്കും. ഇത് വർഷം തോറും തുടരുന്നു. എന്നാൽ എന്‍റെ സുഹൃത്ത് (മോദി) ഇപ്പോൾ വളരെക്കാലമായി അവിടെയുണ്ട്' യുഎസ് പ്രസിഡന്‍റ് പറഞ്ഞു.
വസ്തുതകൾ ഇതാ
ഇന്ത്യയിൽ 2014 മുതൽ നരേന്ദ്ര മോദിയാണ് പ്രധാനമന്ത്രി. അതിനുമുമ്പ് കോൺഗ്രസ് നേതാവ് മൻമോഹൻ സിംഗ് ഒരു ദശാബ്‍ദക്കാലം പ്രധാനമന്ത്രിയായിരുന്നു. എന്നാൽ പാകിസ്ഥാന്‍റെ ചരിത്രം ട്രംപിന്‍റെ വിവരണവുമായി കൃത്യമായി പൊരുത്തപ്പെടുന്നു. 1947-ൽ രൂപീകരിച്ചതുമുതൽ ആകെ 29 പ്രധാനമന്ത്രിമാരാണ് പാകിസ്ഥാനിൽ ഉണ്ടായിട്ടുള്ളത്. ആർക്കും പൂർണ്ണ കാലാവധി തികയ്ക്കാൻ കഴിഞ്ഞിട്ടില്ല. 1993ൽ 12 മാസത്തിനുള്ളിൽ അഞ്ച് നേതാക്കൾ പാകിസ്ഥാനിൽ അധികാരമേറ്റു. പാകിസ്ഥാന്‍റെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ലിയാഖത്ത് അലി ഖാനാണ് (നാല് വർഷവും രണ്ട് മാസവും) ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്നത്. ഏറ്റവും കുറഞ്ഞ കാലയളവ് (രണ്ട് ആഴ്ച) നൂറുൽ അമീനായിരുന്നു (1971). നിലവിലെ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് 2024 മുതൽ അധികാരത്തിലുണ്ട്.
മാനസികാരോഗ്യത്തെക്കുറിച്ച് ചോദ്യങ്ങൾ
ട്രംപിന്‍റെ മാനസികാവസ്ഥയെക്കുറിച്ച് കഴിഞ്ഞ കുറച്ച് മാസങ്ങളായി ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇന്ന തന്നെ അദ്ദേഹം ഇന്ത്യയെ ഇറാനുമായി കൂട്ടിക്കുഴച്ചിരുന്നു. താനുണ്ടാക്കിയ സമാധാനക്കരാറിനെക്കുറിച്ച് സംസാരിക്കുമ്പോൾ അർമേനിയയെ അൽബേനിയ എന്നും അദ്ദേഹം തെറ്റിദ്ധരിച്ച് പറഞ്ഞിരുന്നു. തന്‍റെ മുൻഗാമിയായ ജോ ബൈഡനെപ്പോലെ തന്നെ ട്രംപും മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ നേരിടുന്നുണ്ട്. ട്രംപിന്‍റെ ചലനശേഷിയിൽ കുറവുണ്ടായതായി താൻ നിരീക്ഷിച്ചെന്ന് ഒരു മനഃശാസ്ത്രജ്ഞൻ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, പ്രസിഡന്‍റിന് ഓർമ്മക്കുറവിന്‍റെ ലക്ഷണങ്ങളൊന്നും ഇല്ലെന്ന് വൈറ്റ് ഹൗസ് ഈ വാദങ്ങളെ തള്ളിക്കളഞ്ഞു.


