ഇന്ത്യക്കെതിരെ ട്രംപ് ഭരണകൂടം ചുമത്തിയ ഉയർന്ന ഇറക്കുമതി തീരുവ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ദോഷകരമാകുമെന്ന് മുൻ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ.
വാഷിംഗ്ടൺ: ഇന്ത്യക്കെതിരെ ഡോണൾഡ് ട്രംപ് ഭരണകൂടം ചുമത്തിയ ഉയർന്ന ഇറക്കുമതി തീരുവ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ദോഷകരമാകുമെന്ന് മുൻ യുഎസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ ഇത് ഒരു തെറ്റായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഉക്രെയ്നിലെ യുദ്ധം നീട്ടിക്കൊണ്ടുപോകാൻ സഹായിക്കുന്നുവെന്ന് ആരോപിച്ചാണ് ട്രംപ് 50 ശതമാനം തീരുവ ഏർപ്പെടുത്തിയത്.
റഷ്യയിൽ നിന്ന് വലിയ അളവിൽ എണ്ണ വാങ്ങി വലിയ ലാഭത്തിൽ ഇന്ത്യ അത് തുറന്ന വിപണിയിൽ വിൽക്കുന്നുവെന്നും ഉക്രെയ്നിൽ എത്രപേർ മരിക്കുന്നു എന്നതിനെക്കുറിച്ച് ഇന്ത്യക്ക് ഒരു ചിന്തയുമില്ലെന്നും ട്രംപ് തൻ്റെ ട്രൂത്ത് സോഷ്യൽ പേജിൽ കുറിച്ചിരുന്നു. എന്നാൽ ഇന്ത്യയെപ്പോലെ ചൈനയും റഷ്യൻ എണ്ണ വാങ്ങുന്നുണ്ടെങ്കിലും അവർക്കെതിരെ ട്രംപ് തീരുവ ചുമത്തിയിട്ടില്ലെന്ന് ബോൾട്ടൺ ചൂണ്ടിക്കാട്ടി. 'ഉക്രെയ്നിൽ വെടിനിർത്തലുണ്ടാക്കാൻ ട്രംപ് നടത്തിയ ശ്രമത്തിന്റെ പേരിൽ ദുരിതമനുഭവിച്ചത് ഇന്ത്യ മാത്രമാണ്', എന്നും ബോൾട്ടൺ പറഞ്ഞു.
നിലവിൽ ഇന്ത്യക്കെതിരെ ചുമത്തിയ തീരുവ കാരണമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സമയമെടുക്കുമെന്നും, കഴിഞ്ഞ 30 ദിവസത്തിനിടയിൽ വൈറ്റ് ഹൗസ് ഇന്ത്യയോട് ചെയ്തതുപോലെയുള്ള ഒരു വലിയ തെറ്റ് വീണ്ടും സംഭവിച്ചാൽ വിശ്വാസം വീണ്ടെടുക്കാൻ വളരെ സമയമെടുക്കുമെന്നും എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ ബോൾട്ടൺ വ്യക്തമാക്കി.
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെയും സൈനിക മേധാവി അസിം മുനീറിൻ്റെയും ട്രംപിനോടുള്ള സമീപനത്തെയും ബോൾട്ടൺ പരിഹസിച്ചു. ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് രണ്ടു തവണ നാമനിർദ്ദേശം ചെയ്യാൻ പാകിസ്ഥാൻ പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെടണമെന്ന് ബോൾട്ടൺ പറഞ്ഞു. അടുത്തിടെ നടന്ന ഇന്ത്യ-പാക് സംഘർഷത്തിലെ 'നിർണായക നയതന്ത്ര ഇടപെടലിന്' 2026-ലെ നൊബേൽ സമ്മാനത്തിന് ട്രംപിനെ ഔദ്യോഗികമായി ശുപാർശ ചെയ്യുമെന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ചിരുന്നു.
