ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേഷ് ത്രിവേദിയും, അമേരിക്കയുടെ ദക്ഷിണ-മധ്യ ഏഷ്യയുടെ പ്രത്യേക പ്രതിനിധിയായ സെർജിയോ ഗോറും ധാക്കയിൽ കൂടിക്കാഴ്ച നടത്തി.

ധാക്ക: ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ദിനേഷ് ത്രിവേദി, ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറായ സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി. ധാക്കയിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. അമേരിക്കയുടെ ദക്ഷിണ-മധ്യ ഏഷ്യയുടെ പ്രത്യേക പ്രതിനിധി കൂടിയാണ് സെര്‍ജിയോ ഗോർ. ഈ വര്‍ഷം ജൂണിലാണ് ദിനേഷ് ത്രിവേദിയെ ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി നിയമിച്ചത്. വ്യാഴാഴ്ചയാണ് സെര്‍ജിയോ ഗോറെ തന്റെ ആദ്യ ഔദ്യോഗിക ബംഗ്ലാദേശ് സന്ദര്‍ശനം ആരംഭിച്ചത്. ബംഗാള്‍ ഉള്‍ക്കടല്‍ മേഖലയിലെ അമേരിക്കയുടെ തന്ത്രപരമായ ഇടപെടലുകളില്‍ ഇന്ത്യയ്ക്ക് നിര്‍ണായക സ്ഥാനമാണുള്ളത്. ഈ സാഹചര്യത്തില്‍ ദക്ഷിണേഷ്യന്‍ നയതന്ത്ര രംഗത്ത് പ്രധാന പങ്കാളിയായി ഗോർ മാറിയിരിക്കുകയാണ്. ബംഗ്ലാദേശിന്റെ വിദേശ നയത്തിൽ ചൈനാ സ്വാധീനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഗോറിന്റെ സന്ദര്‍ശനമെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തല്‍. ചൈനയുമായി ബന്ധപ്പെട്ട മ്യാന്‍മര്‍ കോറിഡോര്‍ പദ്ധതികളിലേക്കുള്ള ധാക്കയുടെ നീക്കങ്ങളില്‍ അമേരിക്കയ്ക്ക് ആശങ്കയുണ്ട്. അതേസമയം, ഇന്ത്യ-ബംഗ്ലാദേശ് ബന്ധം, റോഹിങ്ക്യ വിഷയങ്ങള്‍, മ്യാന്‍മറിലെ മാനുഷിക ഇടനാഴി തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചകളില്‍ പ്രധാനമാകുമെന്നാണ് പ്രതീക്ഷ.