ദില്ലി: പാകിസ്താനില്‍ സിഖ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റിച്ചെന്ന പരാതിയുമായി വീട്ടുകാര്‍. സഹോദരിയെ രക്ഷപ്പെടുത്തണമെന്ന് അപേക്ഷിക്കുന്ന സഹോദരന്‍റെ വീഡിയോ ശിരോമണി അകാലിദള്‍ എംഎല്‍എ മന്‍ജീന്ദര്‍ എസ് സിര്‍സയാണ് പുറത്ത് വിട്ടത്. 

സഹോദരങ്ങളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി മതപരിവര്‍ത്തനം നടത്തിയെന്നാണ് ആരോപണം. മന്‍മോഹന്‍ സിംഗ് എന്ന് പരിചയപ്പെടുത്തുന്ന സിഖ് യുവാവ് സഹോദരിയെ തിരികെകൊണ്ടുവരാന്‍  പാക് പ്രധാനമന്ത്രി ഇംമ്രാന്‍ ഖാന്‍ സഹായിക്കണമെന്നാണ് ആവശ്യം. 

രാജ്യാന്തര തലത്തില്‍ സംഭവം ചര്‍ച്ചയാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സഹായിക്കണമെന്നും മന്‍മോഗന്‍ സിംഗ് ആവശ്യപ്പെടുന്നു. പാകിസ്താനിലെ സിഖ് സമൂഹം സഹായം ആവശ്യപ്പെടുന്നുവെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ നന്‍കനാ സാഹിബിലെ സിഖ് പുരോഹിതന്‍റെ മകളെയാണ് തട്ടിക്കൊണ്ട് പോയതെന്നാണ് ആരോപണം.

പാകിസ്താനിലെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ ഇന്ത്യയുടെ സഹായം തേടിയിരിക്കുകയാണ് കുടുംബം. 
എന്നാല്‍ കുട്ടി സ്വന്തം താല്‍പര്യപ്രകാരം മതം മാറിയാണ് വിവാഹം ചെയ്യുന്നതെന്ന് സാധൂകരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.