'അവ ലോകത്തിലെ ഏറ്റവും മനോഹരമായ മൃഗമാണെന്ന് ഞാൻ കരുതുന്നു... അവ വളരെ ജിജ്ഞാസുക്കളാണ്, അവർ വളരെ വാത്സല്യമുള്ളവരാണ്. കൂടാതെ വളരെ ഗൃഹാതുരമായ മൃഗങ്ങളാണ്.' എന്നായിരുന്നു അന്ന് അദ്ദേഹം കംഗാരുക്കളെ കുറിച്ച് പറഞ്ഞത്. 

നുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. അലഞ്ഞ് നടക്കുന്നില്‍ നിന്നും സാമൂഹിക ജീവിയിലേക്കുള്ള മനുഷ്യന്‍റെ പരിണാമഘട്ടത്തിലാകാം മനുഷ്യന്‍ മൃഗങ്ങളെ തങ്ങളുടെ നിയന്ത്രണത്തില്‍ നിര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ഇന്നും അതിനുള്ള ശ്രമങ്ങള്‍ തുടരുന്നു. പല രാജ്യങ്ങളിലും നിയമവിധേയമായി തന്നെ ലോകത്തിലെ വലുതും ചെറുതുമായ ഏതാണ്ടെല്ലാ മൃഗങ്ങളെയും മനുഷ്യന്‍ വളര്‍ത്തുന്നുണ്ട്. ഓസ്ട്രേലിയയിലെ ഗ്രേറ്റ് സതേൺ റീജിയണിലെ അൽബാനിയിൽ നിന്ന് 25 കിലോമീറ്റർ വടക്ക്-പടിഞ്ഞാറായി റെഡ്മണ്ടിലെ കര്‍ഷകനായ പീറ്റർ ഈഡിസ് (77) തന്‍റെ അരുമമൃഗമായി വളര്‍ത്തിയത് ഒരു കംഗാരുവിനെയായിരുന്നു. കഴിഞ്ഞ ദിവസം വളര്‍ത്തുമൃഗമായ കംഗാരുവിന്‍റെ അടിയേറ്റ് പീറ്റർ ഈഡിസ് മരിച്ചെന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

86 വര്‍ഷത്തിനിടെ, അതായത് 1936 ന് ശേഷം ഓസ്‌ട്രേലിയയിൽ വളര്‍ത്തു മൃഗങ്ങളുടെ അടിയേറ്റ് മരിക്കുന്ന ആദ്യത്തെയാളാണ് പീറ്റർ ഈഡിസ്. വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ വീട്ടിൽ കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 5 മണിയോടെയാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോയി എന്ന് പീറ്റര്‍ പേരിട്ടിരുന്ന കംഗാരുവിന്‍റെ മാരകമായ ആക്രമണത്തില്‍ പീറ്റര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കംഗാരുവിന്‍റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് വീണുകിടക്കുന്ന പീറ്ററിനെ അദ്ദേഹത്തിന്‍റെ ഒരു ബന്ധുവാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാള്‍ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ്, പീറ്റർ ഈഡിസിനെ പരിശോധിക്കുന്നതില്‍ നിന്നും കംഗാരു മെഡിക്കല്‍ സംഘത്തെ തടഞ്ഞെന്നും ഇതിനാല്‍ കംഗാരുവിനെ വെടിവച്ച് കൊല്ലാന്‍ നിര്‍ബന്ധിതരായെന്നും അറിയിച്ചു. പീറ്ററിന്‍റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും കംഗാരുവിന് മൂന്ന് വയസ് പ്രായമുണ്ടായിരുന്നതായും പൊലീസ് പിന്നീട് അറിയിച്ചു.

മൃഗസ്നേഹിയായിരുന്ന പീറ്റര്‍ ഈഡിസ് 1997 ലാണ് അൽബാനിയില്‍ എത്തിയത്. അവിടെ അദ്ദേഹം അറുപതോളം ആടുകളെ വളര്‍ത്തുകയായിരുന്നു. മൃഗസ്നേഹിയായ പീറ്റര്‍, തന്‍റെ ഓരോ ആടിനും പേരിടുകയും അവ മരിക്കുമ്പോള്‍ അവയെ അടക്കം ചെയ്യാനായി കൃഷിയിടത്തില്‍ ഒരു ശ്മശാനം പണിയുകയും ചെയ്തിരുന്നു. താന്‍ മരിച്ചാലും ഇവയ്ക്കടുത്ത് തന്‍റെ മൃതദേഹം അടക്കം ചെയ്യണമെന്നും അദ്ദേഹം 2017 ല്‍ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അദ്ദേഹം കംഗാരുക്കളെയും ഇഷ്ടപ്പെട്ടിരുന്നു. 'അവ ലോകത്തിലെ ഏറ്റവും മനോഹരമായ മൃഗമാണെന്ന് ഞാൻ കരുതുന്നു... അവ വളരെ ജിജ്ഞാസുക്കളാണ്, അവർ വളരെ വാത്സല്യമുള്ളവരാണ്. കൂടാതെ വളരെ ഗൃഹാതുരമായ മൃഗങ്ങളാണ്.' എന്നായിരുന്നു അന്ന് അദ്ദേഹം കംഗാരുക്കളെ കുറിച്ച് പറഞ്ഞത്. ജോയിയെ അദ്ദേഹം വളരെ ചെറുപ്പത്തില്‍ തന്നെ എടുത്ത് വളര്‍ത്തിയതാണ്. 

1936-ൽ പടിഞ്ഞാറൻ ന്യൂ സൗത്ത് വെയിൽസിലെ ഹിൽസ്റ്റണിൽ കംഗാരുവിന്‍റെ ആക്രമണത്തില്‍ നിന്ന് തന്‍റെ വളര്‍ത്തു മൃഗങ്ങളായ രണ്ട് നായിക്കളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വേട്ടക്കാരനായ വില്യം ക്രൂക്ക്‌ഷാങ്കിന് (38) പരിക്കേറ്റിരുന്നു. കംഗാരുവിന്‍റെ ആക്രമണത്തില്‍ താടിയെല്ല് പൊട്ടുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത വില്യം പിന്നീട് ആശുപത്രിയില്‍ വച്ച് മരിച്ചു. ഈ സംഭവത്തിന് ശേഷം ഓസ്ട്രേലിയയില്‍ കംഗാരുവിന്‍റെ ആക്രമണത്തില്‍ മരിക്കുന്ന ആദ്യത്തെയാളാണ് പീറ്റര്‍ ഈഡിസ്. ഗ്രേറ്റ് സതേൺ റീജിയൻ ഓസ്ട്രേലിയന്‍ ജനുസായ പടിഞ്ഞാറൻ ചാര കംഗാരുവിന്‍റെ ആവാസ കേന്ദ്രമാണ്.