അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിനെ സ്ഥാനത്തുനിന്ന് നീക്കിയേക്കുമെന്ന് റിപ്പോർട്ട്. അമിത മദ്യപാനം, ഔദ്യോഗിക കൃത്യനിർവഹണത്തിലെ വീഴ്ചകൾ, അധികാര ദുർവിനിയോഗം തുടങ്ങിയ ആരോപണങ്ങളിൽ ട്രംപിനുള്ള കടുത്ത അതൃപ്തിയാണ് ഇതിന് കാരണം. 

വാഷിംഗ്ടൺ: അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ ഡയറക്ടർ കാഷ് പട്ടേലിനെ സ്ഥാനത്തുനിന്ന് നീക്കാൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഒരുങ്ങുന്നതായി റിപ്പോർട്ട്. കാഷ് പട്ടേലിന്‍റെ അമിത മദ്യപാന ശീലത്തെക്കുറിച്ചും ഔദ്യോഗിക കൃത്യനിർവഹണത്തിലെ വീഴ്ചകളെക്കുറിച്ചും പുറത്തുവരുന്ന വാർത്തകളിൽ ട്രംപ് അതീവ അസന്തുഷ്ടനാണെന്ന് പ്രമുഖ രാഷ്ട്രീയ മാധ്യമമായ 'പൊളിറ്റിക്കോ' റിപ്പോർട്ട് ചെയ്തു. വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പ്രകാരം, കാഷ് പട്ടേലിന്‍റെ പുറത്തുപോകൽ ഉടൻ തന്നെയുണ്ടാകും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കാഷ് പട്ടേൽ മദ്യപിച്ച് അവശനായി പലപ്പോഴും ഔദ്യോഗിക യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാറുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥർക്ക് അദ്ദേഹത്തെ വിളിച്ചുണർത്താൻ പോലും പ്രയാസമാണെന്നും 'ദി അറ്റ്ലാന്‍റിക്' മാഗസിൻ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച കാഷ് പട്ടേൽ, മാഗസിനെതിരെ 250 മില്യൺ ഡോളറിന്‍റെ (ഏകദേശം 2000 കോടി രൂപ) അപകീർത്തിക്കേസ് ഫയൽ ചെയ്തു. ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും തന്നെ അപകീർത്തിപ്പെടുത്താൻ ബോധപൂർവ്വം നടത്തുന്ന നീക്കമാണിതെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു. ഇറ്റലിയിൽ നടന്ന ശൈത്യകാല ഒളിമ്പിക്സിനിടെ കാഷ് പട്ടേൽ മദ്യപിച്ച് ആഘോഷിക്കുന്ന വീഡിയോ പുറത്തുവന്നതും ട്രംപിനെ പ്രകോപിപ്പിച്ചിട്ടുണ്ട്.

ഭരണപരമായ കാര്യങ്ങളിലും കാഷ് പട്ടേൽ വലിയ വിമർശനങ്ങൾ നേരിടുന്നുണ്ട്. സെപ്റ്റംബറിൽ ചാർളി കിർക്കിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ നൽകിയതും ബ്രൗൺ സർവകലാശാലയിലെ വെടിവെപ്പ് കേസിലെ പ്രതിയെ സംബന്ധിച്ച അബദ്ധ പ്രസ്താവനകളും അദ്ദേഹത്തിന്‍റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചു. കൂടാതെ, തന്‍റെ കാമുകിയും ഗായികയുമായ അലക്സിസ് വിൽക്കിൻസിന് സുരക്ഷയൊരുക്കാൻ എഫ്ബിഐയുടെ പ്രത്യേക സ്വാറ്റ് ടീമിനെ ദുരുപയോഗം ചെയ്തു എന്ന ഗൗരവകരമായ ആരോപണവും പട്ടേലിനെതിരെയുണ്ട്.

എഫ്ബിഐയിൽ വ്യാപകമായ പിരിച്ചുവിടലുകൾ നടത്തിയ കാഷ് പട്ടേൽ, ട്രംപിനെതിരായ അന്വേഷണങ്ങളിൽ പങ്കാളികളായ ഉദ്യോഗസ്ഥരെയും നീക്കം ചെയ്തിരുന്നു. വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് കാഷ് പട്ടേലിന് പരസ്യ പിന്തുണ നൽകുന്നുണ്ടെങ്കിലും, ഭരണകൂടത്തിനുള്ളിലെ അതൃപ്തി ശക്തമാണ്. ക്രിസ്റ്റി നോം, പാം ബോണ്ടി തുടങ്ങിയ ഉന്നതർ നേരത്തെ തന്നെ പുറത്തായ സാഹചര്യത്തിൽ, ട്രംപ് ഭരണകൂടത്തിലെ അടുത്ത 'വിക്കറ്റ്' കാഷ് പട്ടേലിന്‍റേതാകുമെന്നാണ് സൂചനകൾ.