രഹസ്യ രേഖകൾ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയതെന്ന് എപി റിപ്പോർട്ട് ചെയ്തു. ബോൾട്ടനെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും ഇതുവരെ കുറ്റം ചുമത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

വാഷിങ്ടൺ: ഇന്ത്യയുമായുള്ള ബന്ധം വഷളാക്കിയതിലും അന്യായമായ തീരുവകൾ ഏർപ്പെടുത്തുന്നതിലും യുഎസ് പ്രസിഡന്റ് ഡോണൾ‍‍ഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ച മുൻ സുരക്ഷാ ഉപദേഷ്ടാവും ട്രംപിന്റെ കടുത്ത വിമർശകനുമായ ജോൺ ബോൾട്ടന്റെ വസതിയിൽ എഫ്ബിഐ റെയ്ഡ് നടത്തി. രഹസ്യ രേഖകൾ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയതെന്ന് എപി റിപ്പോർട്ട് ചെയ്തു. ബോൾട്ടനെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും ഇതുവരെ കുറ്റം ചുമത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, അധികൃതർ ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല. വാർത്ത പുറത്തായതിന് പിന്നാലെ ആരും നിയമത്തിന് അതീതരല്ലെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ ട്വീറ്റ് പോസ്റ്റ് ചെയ്തു. റെയ്ഡുകൾ നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ, റഷ്യ-യുക്രൈൻ യുദ്ധത്തിൽ ട്രംപിന്റെ ഇടപെടൽ ഒരു പുരോഗതിയും ഉണ്ടാക്കില്ലെന്ന് ബോൾട്ടൻ പറഞ്ഞു. ട്രംപിന്റെ സമാധാനത്തിനുള്ള നോബൽ സമ്മാന ആ​ഗ്രഹത്തെയും അദ്ദേഹം പരിഹസിച്ചു.

യുക്രൈനെ പുതിയ റഷ്യൻ സാമ്രാജ്യത്തിലേക്ക് കൂട്ടിച്ചേർക്കുക എന്ന ലക്ഷ്യത്തിൽ നിന്ന് റഷ്യ പിന്നോട്ടുപോയിട്ടില്ല. യുക്രൈൻ കൈവശം വച്ചിരിക്കുന്ന പ്രദേശവും ഡൊണെറ്റ്‌സ്കിന്റെ ബാക്കി ഭാഗങ്ങളും വിട്ടുകൊടുക്കണമെന്നാണ് റഷ്യയുടെ ആവശ്യം. സെലെൻസ്‌കി ഒരിക്കലും ഈ നിബന്ധന അം​ഗീകരിക്കുമെന്ന് കരുതുന്നില്ലെന്നും 17 മാസം ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ച ബോൾട്ടൺ പറഞ്ഞു.

അതേസമയം, ട്രംപ് സമാധാനത്തിനുള്ള നോബൽ സമ്മാനം ആഗ്രഹിക്കുന്നതിനാൽ കൂടിക്കാഴ്ചകൾ തുടരും. പക്ഷേ ഈ ചർച്ചകൾ ഒരു പുരോഗതിയും കാണിക്കുന്നില്ലെന്നും ബോൾട്ടൺ ട്വീറ്റ് ചെയ്തു. ട്രംപിന്റെ താരിഫ് നയങ്ങളെ വിമർശിച്ചുകൊണ്ട് ബോൾട്ടൺ ഒരു അഭിമുഖത്തിൽ ട്രംപിനെ യുക്തിരഹിതനായ പ്രസിഡന്റ് എന്ന് വിശേഷിപ്പിച്ചിരുന്നു. യുഎസ്-ഇന്ത്യ ബന്ധം നിലവിൽ വളരെ മോശം അവസ്ഥയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യ പുതിയ ഉപരോധങ്ങളൊന്നും നേരിട്ടിട്ടില്ലെന്ന് വ്യക്തമാണ്. റഷ്യയുടെ എണ്ണയും വാതകവും പ്രധാനമായി വാങ്ങുന്നവരായിരുന്നിട്ടും ചൈനക്കും പുതിയ ഉപരോധങ്ങളൊന്നും ഇല്ലെന്നും ബോൾട്ടൺ അഭിമുഖത്തിൽ പറഞ്ഞു. റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് തുടരുന്നതിന് ട്രംപ് ഇന്ത്യയ്ക്ക് മേൽ 25% തീരുവ ചുമത്തുകയും 25% അധിക ലെവി ചുമത്തുകയും ചെയ്തിരുന്നു