മലപ്പുറം സ്വദേശിയായ ഡോക്ടറുടെ വാഹനം മേലാറ്റൂരില്‍ പാര്‍ക്ക് ചെയ്തിരിക്കെ കോഴിക്കോട് പന്തീരാങ്കാവ് ടോള്‍ പ്ലാസയിലൂടെ കടന്നുപോയതായി കാണിച്ച് ഫാസ്റ്റ്ടാഗില്‍ നിന്ന് പണം ഈടാക്കിയതായി പരാതി. ഈ സമയത്ത് വാഹനം ക്ലിനിക്കിന് സമീപം സുരക്ഷിതമായിരുന്നുവെന്നും അനധികൃതമായി പണം ഈടാക്കിയതിനെതിരെ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഡോക്ടർ പറയുന്നു.
കോഴിക്കോട്: എന്‍ എച്ച് 66 ആറുവരിപ്പാതയിലെ ടോള്‍ പ്ലാസ വഴി കടന്നുപോകാത്ത വാഹനത്തിനും ടോള്‍ ഈടാക്കിയതായി പരാതി. മലപ്പുറം മേലാറ്റൂര്‍ സ്വദേശിയായ ഡോക്ടര്‍ മുഹമ്മദ് ഷമീമാണ് ദേശീയപാതയിലെ പന്തീരാങ്കാവ് ടോള്‍ പ്ലാസക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്. ഇദ്ദേഹത്തിന്‍റെ കെഎല്‍ 53 എസ് 14 92 എന്ന നമ്പറിലുള്ള ഹോണ്ട കാര്‍ കഴിഞ്ഞ 16-ാം തിയ്യതി ഉച്ചയ്ക്ക് 12.45ന് പന്തീരാങ്കാവ് ടോള്‍ പ്ലാസയിലൂടെ കടന്നുപോയെന്നും 130 രൂപ ഫാസ്റ്റ്ടാഗില്‍ നിന്ന് ഈടാക്കിയെന്നും കാണിച്ചുള്ള സന്ദേശം ഫോണില്‍ ലഭിക്കുകയായിരുന്നു.
എന്നാല്‍ ഈ സമയത്ത് തന്‍റെ വാഹനം മേലാറ്റൂരിലെ ക്ലിനിക്കിന് സമീപം സുരക്ഷിതമായി പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നുവെന്ന് ഡോ. ഷമീം പറയുന്നു. താന്‍ ആ ദിവസം മറ്റ് യാത്രകള്‍ നടത്തിയിട്ടില്ല, അനധികൃതമായി ടോള്‍ പിരിച്ചതിനെതിരെ നാഷണല്‍ ഹൈവേ അതോറിറ്റിക്കും ഫാസ്റ്റ്ടാഗ് സേവനം നല്‍കുന്ന ബാങ്കിനും മേലാറ്റൂര്‍ എസ്എച്ച്ഒയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. സമാനമായ അനുഭവം പലര്‍ക്കും ഉണ്ടായിട്ടുണ്ടെന്നും സാങ്കേതിക തകരാറാണോ ടോള്‍ പ്ലാസയിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചയാണോ ഇതിന് പിന്നിലെന്ന് വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


