പുതുച്ചേരി കാരയ്ക്കലിൽ നിന്ന് പോയ 13 അംഗ സംഘത്തിന് നേരേയൊണ് ഇന്നലെ അർധരാത്രിയോടെ വെടിവയ്പ്പുണ്ടായത്
കൊളംബോ: ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരേ വീണ്ടും ശ്രീലങ്കൻ നാവികസേനയുടെ വെടിവയ്പ്പ്. പുതുച്ചേരി കാരയ്ക്കലിൽ നിന്ന് പോയ 13 അംഗ സംഘത്തിന് നേരേയൊണ് ഇന്നലെ അർധരാത്രിയോടെ വെടിവയ്പ്പുണ്ടായത്. 5 മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണെന്നും ഇവരെ ജാഫ്നയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ശ്രീലങ്കൻ ആക്ടിംഗ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ശ്രീലങ്കൻ സർക്കാരിനെയും പ്രതിഷേധം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം കഴിഞ്ഞ ദിവസവും ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കയിൽ അറസ്റ്റിലായിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള 34 മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കൻ നാവിക സേന അറസ്റ്റ് ചെയ്തത്. രാമേശ്വരത്ത് നിന്ന് പോയവരെയാണ് സമൂദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തത്. ഇവരുടെ മൂന്ന് ബോട്ടുകളും ശ്രീലങ്കൻ നാവിക സേന പിടിച്ചെടുത്തു.
വിശദ വിവരങ്ങൾ ഇങ്ങനെ
രാമനാഥപുരം ജില്ലയിൽ നിന്ന് പുറപ്പെട്ട 34 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ അടങ്ങുന്ന മൂന്ന് ഇന്ത്യൻ യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളാണ് ശ്രീലങ്കൻ നാവികസേന പിടികൂടിയത്. ബോട്ടുകളും പിടിയിലായ മത്സ്യത്തൊഴിലാളികളും ഇരണാതീവിലേക്ക് കൊണ്ടുപോയി. ഇവരെ നിയമനടപടികൾക്കായി കിളിനോച്ചി ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടറേറ്റിന് കൈമാറി. സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ചാണ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. തലൈമന്നാറിന് വടക്ക് ഇന്ത്യൻ മത്സ്യബന്ധന ബോട്ടുകളെ തടയാൻ ശ്രീലങ്കൻ നാവികസേനയുടെ നോർത്തേൺ നേവൽ കമാൻഡും കോസ്റ്റ് ഗാർഡും ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റും നോർത്ത് സെൻട്രൽ നേവൽ കമാൻഡിൻ്റെ ഇൻഷോർ പട്രോൾ ക്രാഫ്റ്റും വിന്യസിച്ചിരുന്നു. 2025-ൽ ശ്രീലങ്കൻ നാവികസേന 6 ഇന്ത്യൻ മത്സ്യബന്ധന ബോട്ടുകൾ പിടികൂടുകയും 52 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്തതാണ് വിവരം. തുടർച്ചയായ അറസ്റ്റ് നടപടിയെ അപലപിച്ച മത്സ്യത്തൊഴിലാളി സംഘടനകൾ, മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ ഇടപെടണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. പിടിച്ചെടുത്ത ബോട്ടുകൾ തിരിച്ചെടുക്കണമെന്നും അവർ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചു.
