ഫ്ലോറിഡ: പഠനത്തിന്‍റെ ഭാഗമായി ഇനി ജീവനുള്ള തവളകളെ കീറിമുറിക്കേണ്ട. അവയവ പഠനത്തിനായി സിന്തറ്റിക് തവളകളെ ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ സ്കൂളാകുകയാണ് ഫ്ലോറിഡയിലേത്. ന്യൂ പോര്‍ട്ട് റിച്ചെയിലെ ജെഡബ്ല്യു മിച്ചല്‍ ഹൈസ്കൂളാണ് ജീവനുള്ളതും പ്രിസര്‍വ് ചെയ്ത് സൂക്ഷിക്കുന്നതുമായ തവളകള്‍ക്ക് പകരം കൃത്രിമ തവളകളെ ഉപയോഗിക്കുന്നത്. 

പഠനത്തിനായി ജീവികളെ കീറിമുറിക്കുന്നതിന് പകരമുള്ള പുതിയ മാര്‍ഗം നല്ല മാറ്റത്തിന് തുടക്കമാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും കൃത്രിമ തവളകളാണെന്നും സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജെസീക്ക ഷട്ട്സ് പറഞ്ഞു. സിന്തറ്റിക് തവളകളെ ഉപയോഗിച്ച് ഡിസക്ഷന്‍ നടത്തുന്നതിനെ സിന്‍ഫ്രോഗ് എന്നാണ് അറിയപ്പെടുന്നത്. ടമ്പ ആസ്ഥാനമായുള്ള സിന്‍ഡേവര്‍ എന്ന കമ്പനിയാണ് ഇത്തരം തവളകളെ നിര്‍മ്മിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തവളകള്‍ക്ക് പുറമെ മറ്റു ജീവികളുടെയും മനുഷ്യന്‍റെയും കൃത്രിമ മോഡലുകള്‍ ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.