സിന്ധ് പ്രവശ്യയിലെ തര്‍പ്പാക്കറില്‍ നിന്നുള്ള രാഹുല്‍ ദേവ് എന്ന യുവാവാണ് ഇന്ന് പാക് എയര്‍ ഫോഴ്സില്‍ ചുമതലയേറ്റത്. പാകിസ്ഥാനില്‍ നിന്നുള്ള മാധ്യമങ്ങളെ അടിസ്ഥാനപ്പെടുത്തി ഐഎഎന്‍എസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

ഇസ്ലാമാബാദ്: ചരിത്രത്തില്‍ ആദ്യമായി പാകിസ്ഥാന്‍ എയര്‍ ഫോഴ്സില്‍ രാജ്യത്തെ ന്യൂനപക്ഷമായ ഹിന്ദു വിഭാഗത്തില്‍ നിന്നുള്ളയാള്‍ പൈലറ്റായി നിയമിതനായി. സിന്ധ് പ്രവശ്യയിലെ തര്‍പ്പാക്കറില്‍ നിന്നുള്ള രാഹുല്‍ ദേവ് എന്ന യുവാവാണ് ഇന്ന് പാക് എയര്‍ ഫോഴ്സില്‍ ചുമതലയേറ്റത്. പാകിസ്ഥാനില്‍ നിന്നുള്ള മാധ്യമങ്ങളെ അടിസ്ഥാനപ്പെടുത്തി ഐഎഎന്‍എസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളയാള്‍ എയര്‍ ഫോഴ്സില്‍ നിയമിതനായതില്‍ സന്തോഷമുണ്ടെന്ന് ഓള്‍ പാകിസ്ഥാന്‍ ഹിന്ദു പഞ്ചായത്ത് സെക്രട്ടറി രവി ധവാനി പറഞ്ഞു. നിരവധി പേര്‍ ഇപ്പോള്‍ സിവില്‍ സര്‍വ്വീസിലും ആര്‍മിയിലും സേവനം ചെയ്യുന്നുണ്ട്. ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ദേവിനെ പോലെയുള്ള ഒരുപാട് പേര്‍ രാജ്യത്തിന് സേവനം ചെയ്യാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് പാകിസ്ഥാനില്‍ അവഗണനയാണെന്നുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. 2018ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഇമ്രാന്‍ ഖാന്‍ രാജ്യത്തെ വിവിധ മതവിഭാഗങ്ങളുടെ ഉയര്‍ച്ചയ്ക്ക് വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനിടെ പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യയില്‍ വലിയ ഇടിവ് സംഭവിച്ചെന്ന ആരോപണങ്ങള്‍ തള്ളി പാകിസ്ഥാന്‍ വിദേശ കാര്യ ഓഫീസ് രംഗത്ത് വന്നിരുന്നു.

പാകിസ്ഥാനില്‍ ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന ആരോപണവും പാക്ക് വിദേശ മന്ത്രാലയം കണക്കുകള്‍ നിരത്തി നിഷേധിച്ചു. '2017ലെ അവസാന സെന്‍സസ് പ്രകാരം പാകിസ്ഥാനിലെ ഹിന്ദു ജനസംഖ്യ 3.3 ദശലക്ഷമാണ്, 1998ലെ സെന്‍സസില്‍ നിന്ന് 2017ലെത്തുമ്പോള്‍ 93 ശതമാനമാണ് ഹിന്ദു ജനസംഖ്യയിലെ വളര്‍ച്ച'യെന്നും പാകിസ്ഥാന്‍ അവകാശപ്പെട്ടു.