മാലി: മാലിദ്വീപ് മുന്‍ പ്രസിഡന്‍റ് മുഹമ്മദ് നഷീദിന് സ്ഫോടനത്തില്‍ പരിക്ക്. ഇപ്പോള്‍ മാലിദ്വീപ് പാര്‍ലമെന്‍റ് സ്പീക്കറായ നഷീദിന്‍റെ കാറിനടുത്താണ് സ്ഫോടനം നടന്നത്. വ്യാഴാഴ്ച വൈകുന്നേരം മാലിദ്വീപ് തലസ്ഥാനമായ മാലെയിലാണ് സ്ഫോടനം നടന്നത് എന്നാണ് മാലി സ്റ്റേറ്റ് ടെലിവിഷന്‍ പറയുന്നത്. സംഭവത്തില്‍ ഒരു വിദേശ ടൂറിസ്റ്റിനും പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മുഹമ്മദ് നഷീദിനെ തലസ്ഥാനത്തെ എഡികെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന് വിദഗ്ധ ചികില്‍സ ആവശ്യമുണ്ടെന്നാണ് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിക്ക് ഗൗരവമുള്ളതണോ എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ല. മാലി തലസ്ഥാനത്തെ നീലോഫെരു മാഗു എന്ന സ്ഥലത്താണ് സ്ഫോടനം നടന്നത് എന്നാണ് വിവരം. ഈ സ്ഥലം ഇപ്പോള്‍ പൊലീസ് വളഞ്ഞിരിക്കുകയാണ്. 

സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ ഇന്ത്യ സംഭവം അപലപിച്ചിട്ടുണ്ട്. നഷീദിന് എത്രയും വേഗം സുഖം പ്രാപിക്കാന്‍ കഴിയട്ടെയെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ട്വീറ്റ് ചെയ്തത്.