ഇറാനിയൻ പൗരനെ ഫിലിപ്പീൻസിൽ വച്ച് ആക്രമിച്ചെന്നാണ് ബഹാരിക്ക് മേലുള്ള കുറ്റം. എന്നാൽ, ഇത് ബഹാരി നിഷേധിക്കുകയായിരുന്നു. 

മനില: തൂക്കിക്കൊല്ലുമെന്ന ഭയത്താൽ സ്വന്തം രാജ്യമായ ഇറാനിൽ മടങ്ങിപ്പോകാൻ കഴിയാതെ മനില വിമാനത്താവളത്തിൽ കഴിയുകയാണ് മുൻ ഇറാനിയൻ സൗന്ദര്യ റാണി ബഹോറെ സറി ബഹാരി. ഇറാനിലേക്ക് നാടു കടത്തിയാൽ താൻ കൊല്ലപ്പെടുമെന്നും അതിനാൽ തനിക്ക് അഭയം തരണമെന്നും ബഹാരി ഫിലിപ്പീൻസിനോട് അഭ്യർത്ഥിച്ചിരിക്കുകയാണ്. ജന്മനാട്ടിലേക്ക് തിരിച്ച് പോകാൻ കഴിയാതെ കഴിഞ്ഞ രണ്ടാഴ്ചയായി മനില വിമാനത്താവളത്തിൽ കഴിയുകയാണ് ഈ മുപ്പത്തിയൊന്നുകാരി.

എന്നാൽ, ഫിലിപ്പീൻസിലും തനിക്ക് യാതൊരു സുരക്ഷയുമില്ല. വലിയ സുരക്ഷയുള്ള മറ്റ് രാജ്യങ്ങളിലേക്ക് കടക്കണമെന്നും ബഹാരി ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. ഫിലിപ്പീൻസിലെ രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇറാന്റെ പ്രതിനിധിയായി പങ്കെടുക്കാനെത്തിയതായിരുന്നു ബഹാരി. ഇറാനിയൻ പൗരനെ ഫിലിപ്പീൻസിൽ വച്ച് ആക്രമിച്ചെന്നാണ് ബഹാരിക്ക് മേലുള്ള കുറ്റം.

എന്നാൽ, ഇത് ബഹാരി നിഷേധിക്കുകയായിരുന്നു.അതേസമയം, ഇവരെ അറസ്റ്റ് ചെയ്യുന്നതിനായി ഇന്റർപോളിന്റെ റെഡ് നോട്ടിസ് ലഭിച്ചതായി ഫിലിപ്പീന്‍സ് ഇമിഗ്രേഷന്‍ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഏതു രാജ്യമാണു റെഡ് നോട്ടിസിനായി ആവശ്യമുന്നയിച്ചതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.