ദില്ലി: ഇന്ത്യന്‍ സ്ത്രീകള്‍ക്കെതിരെ കടുത്ത വംശീയചുവയോട് കൂടിയ മുന്‍അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സന്റെ പരാമര്‍ശം വിവാദമാകുന്നു. അമേരിക്കന്‍ പ്രൊഫസറായ ഗാരി ജെ ബാസ് ആണ് മുന്‍ പ്രസിഡന്‍റിന്‍റെ പരാമര്‍ശങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസിലെ ലേഖനത്തിലാണ് റിച്ചാര്‍ഡ് നിക്സന്‍റെ പരാമര്‍ശങ്ങളെക്കുറിച്ച് വിശദമാക്കുന്നതെന്നാണ് ദി പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ഹെന്‍റ്രി കിസിംഗറുമായി റിച്ചാര്‍ഡ് നിക്സന്‍ നടത്തിയ സംഭാഷണങ്ങളില്‍ നിന്നുള്ളതാണ് പരാമര്‍ശം. കറുത്ത വര്‍ഗക്കാരോടായിരുന്നു റിച്ചാര്‍ഡ് നിക്സന്‍ ഇന്ത്യന്‍ സ്ത്രീകളെ താരതമ്യം ചെയ്തിരുന്നത്. ലൈംഗികതയില്ലാത്ത ആകര്‍ഷകതയില്ലാത്തവരാണ് ഇന്ത്യന്‍ സ്ത്രീകളെന്നും എങ്ങനെയാണ് അവര്‍ പുനരുല്‍പാദനം നടത്തുന്നതെന്ന് മനസിലാകുന്നില്ലെന്നും റിച്ചാര്‍ഡ് നിക്സന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആഫ്രിക്കയിലെ കറുത്ത വംശജരില്‍ എന്തെങ്കിലും കഴിവുകള്‍ കാണാന്‍ കഴിയും. അവര്‍ക്ക് ഊര്‍ജസ്വലതയുണ്ട്. ഒരു മൃഗത്തെ പോലുള്ള ഭംഗി അവര്‍ക്കുണ്ട്. എന്നാല്‍ ആ ഭംഗി പോലും ഇന്ത്യക്കാര്‍ക്ക് ഇല്ല. ദുരന്തമാണ് അവര്‍ എന്നാണ് റിച്ചാര്‍ഡ് നിക്സന്‍ ഇന്ത്യക്കാരെ വിലയിരുത്തിയതെന്നാണ് ലേഖനം വ്യക്തമാക്കുന്നത്. 

1971ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുമായി നടത്തിയ സംഭാഷണത്തേക്കുറിച്ചുള്ള നിക്സന്‍റെ പരാമര്‍ശങ്ങളും വിവാദമാകുന്നുണ്ട്. എന്നെ ഓഫ് ചെയ്ത കളഞ്ഞ അവര്‍ മറ്റുള്ളവരെ എങ്ങനെ ഓണ്‍ ചെയ്യും എന്നായിരുന്നു ഹെന്‍റ്രിയോട് റിച്ചാര്‍ഡ് നിക്സന്‍ പറഞ്ഞത്. അമേരിക്കയിലെ 37-ാമത്തെ പ്രസിഡന്റായിരുന്ന നിക്‌സണ്‍ 1969 മുതല്‍ 1974 വരെയാണ് അധികാരത്തിലുണ്ടായിരുന്നത്.