വിരലടയാളം, ഡെന്‍റല്‍, മെഡിക്കല്‍ പരിശോധനകളിലൂടെ തിരിച്ചറിഞ്ഞ് ബന്ധുക്കളെ അറിയിക്കും
കൊളറാഡോ: രൂക്ഷമായ ദുര്‍ഗന്ധം പരന്നതിനെ തുടര്‍ന്ന് കെട്ടിടം പരിശോധിച്ച പൊലീസ് കണ്ടത് 115 അഴുകിയ മൃതദേഹങ്ങള്‍. അമേരിക്കയിലെ കൊളറാഡോയിലെ പെൻറോസിലുള്ള റിട്ടേൺ ടു നേച്ചർ എന്ന ഹരിത ഫ്യൂണറല്‍ ഹോമിലാണ് ഇത്രയധികം മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍ കണ്ടെത്തിയത്.
പ്രകൃതിദത്തമായ രീതിയില്‍ സംസ്കാരം നടത്തുന്നതിനായാണ് മൃതദേഹങ്ങള്‍ റിട്ടേൺ ടു നേച്ചറില്‍ എത്തിച്ചിരുന്നത്. എന്നാല്‍ ഇവിടെ എത്തിച്ച മൃതദേഹങ്ങള്‍ മറവു ചെയ്യാതെ അനാദരവോടെയാണ് കൈകാര്യം ചെയ്തിരുന്നതെന്ന് വ്യക്തമായി. മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ നിന്നാണ് അഴുകിയ ഗന്ധം വന്നത്.
ഫ്യൂണറല്‍ ഹോമിന്‍റെ ഉടമ ജോണ്‍ ഹാള്‍ഫോര്‍ഡ് മൃതദേഹങ്ങള്‍ ശരിയായി സംരക്ഷിച്ചിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഫ്യൂണറല്‍ ഹോമിന് നിലവില്‍ രജിസ്ട്രേഷനില്ല. കഴിഞ്ഞ വർഷം നവംബറോടെ രജിസ്ട്രേഷന്‍ കാലാവധി അവസാനിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ഫ്യൂണറൽ ഹോമില്‍ മൃതദേഹങ്ങള്‍ എത്തിച്ചവരോട് അന്വേഷണ ഉദ്യോഗസ്ഥരെ ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 47 കാരിയായ മേരി സൈമൺസിന് തന്റെ ഭർത്താവിന്‍റെ ദേഹം ആ കെട്ടിടത്തിനുള്ളിൽ ഉണ്ടെന്ന് വിശ്വസിക്കാനാവുന്നില്ല. ഡാരെൽ സൈമൺസ് ശ്വാസകോശ അർബുദം ബാധിച്ച് ഓഗസ്റ്റിലാണ് മരിച്ചത്. മൃതദേഹം മേരി സൈമൺസ് റിട്ടേൺ ടു നേച്ചർ ഫ്യൂണറൽ ഹോമില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ചിതാഭസ്മം ഇതുവരെ ലഭിച്ചില്ലെന്ന് അവര്‍ പറഞ്ഞു.
കെട്ടിടത്തിനുള്ളില്‍ കണ്ട രംഗം ഭയാനകമായിരുന്നുവെന്ന് ഫ്രീമോണ്ട് കൗണ്ടി പൊലീസ് അലൻ കൂപ്പർ പറഞ്ഞു. തകര്‍ന്ന ജനാലയിലൂടെയാണ് ചീഞ്ഞളിഞ്ഞ ദുർഗന്ധം വമിച്ചത്. ഇതോടെയാണ് പരിശോധന നടന്നത്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പരിശോധന ആവശ്യമാണ്. വിരലടയാളം, ഡെന്‍റല്‍, മെഡിക്കല്‍ പരിശോധനകളിലൂടെ മൃതദേഹം തിരിച്ചറിഞ്ഞ് ബന്ധുക്കളെ അറിയിക്കാനാണ് പൊലീസ് തീരുമാനം. ചിലപ്പോള്‍ ഡിഎന്‍എ പരിശോധന വേണ്ടിവന്നേക്കും.
